budjet

ബഡ്ജറ്റിന്റെ നല്ല വശവും മോശം വശവും

ഒരു നാണയത്തിന് രണ്ടു വശമുണ്ട്. രണ്ടും നല്ലതായിരിക്കണം. ഇല്ലെങ്കിൽ നാണയം ആരുമെടുക്കില്ല. അതുപോലെയല്ല ബഡ്‌ജറ്റ്. നല്ല വശമുള്ളതുപോലെ ജനങ്ങൾക്ക് തൃപ്തി നൽകാത്ത മോശം വശവും വരും. നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബഡ്‌ജറ്റിന്റെ ഇരുവശങ്ങളും പരിശോധിച്ചാൽ മാത്രമേ സമഗ്രമായ വിലയിരുത്തലാവൂ.

നല്ല വശങ്ങൾ

1. ആധാർ-പാൻ

ആദായ-നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി പാൻ കാർഡും ആധാർ കാർഡും ഉപയോഗിക്കാം. പാൻ കാർഡ് ഇല്ലാത്തവർക്ക് വളരെ സൗകര്യമാണ് ഇത്. പാൻ നമ്പർ എഴുതേണ്ട സ്ഥലത്ത് ആധാർ നമ്പർ എഴുതിയാൽ മതിയാകും.

2. ഇലക്ട്രിക് വാഹനം

ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം ത്വരിതപ്പെടുത്തും. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കാൻ ജി.എസ്.ടി കൗൺസിലിനോട് സർക്കാർ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാൻ ഇത് ഇടയാക്കും. ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് ആദായനികുതിയിൽ 1.5 ലക്ഷം ഇളവും നൽകും.

3. യാത്രാകാർഡ്

ഒരു കാർഡ് ഉപയോഗിച്ച് രാജ്യം മുഴുവൻ ബസിലും ട്രെയിനിലും യാത്ര ചെയ്യാനുള്ള നിർദ്ദേശം ഗുണകരമാണ്. ടോൾ പിരിവിനും പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും പണം പിൻവലിക്കുന്നതിനും മെട്രോ യാത്രയ്ക്കും ഇൗ കാർഡ് മതിയാകും.

4. ബാങ്കിന് 70,000 കോടി

വായ്പ നൽകുന്നത് ഉയർത്താൻ ബാങ്കുകൾക്ക് 70,000 കോടി മൂലധന സഹായം നൽകും. കഴിഞ്ഞ നാലുവർഷത്തിനിടെ 4 ലക്ഷം കോടി കിട്ടാക്കടം ബാങ്കുകൾക്ക് പിരിച്ചെടുക്കാൻ കഴിഞ്ഞു.

5. എൻ.ആർ.ഐ- ആധാർ

ഇന്ത്യൻ പാസ്‌പോർട്ടുള്ള എല്ലാ വിദേശ ഇന്ത്യക്കാർക്കും അവർ രാജ്യത്ത് വന്നിറങ്ങുമ്പോൾതന്നെ ആധാർ കാർഡ് നൽകാനുള്ള പദ്ധതി. ഇപ്പോൾ അവർക്ക് ആധാർ ലഭിക്കാൻ 180 ദിവസം കാത്തിരിക്കണം.

6. എം.ഡി.ആർ ചാർജ്

കറൻസിരഹിത കൊടുക്കൽ വാങ്ങലുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് ബാധകമാക്കില്ല. പ്രതിവർഷം 50 കോടി വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾക്കും അവരുടെ ഉപഭോക്താക്കൾക്കും ആനുകൂല്യം ലഭിക്കും. റിസർവ് ബാങ്കും മറ്റു ബാങ്കുകളും ഇൗ ചെലവ് വഹിക്കും. കറൻസി രഹിത ഇടപാടുകൾ ത്വരിതപ്പെടുത്താൻ ഇൗ നടപടി ഉതകും.

7. 3000 രൂപ പെൻഷൻ

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 3000 രൂപ പെൻഷൻ. 60 വയസ് കഴിഞ്ഞവർക്കാണ് പെൻഷൻ. ഇപ്പോൾ നിലവിലുള്ള പ്രധാനമന്ത്രി ശ്രമം യോഗിമാൻധാൻ യോജന പദ്ധതി പ്രകാരം 30 ലക്ഷം തൊഴിലാളികൾക്കു വരെ ഗുണം ലഭിക്കും

8. വാടക നിയമം

വീടുകളും സ്ഥാപനങ്ങളും വാടകയ്ക്കെടുക്കുന്ന നിയമത്തിൽ പരിഷ്കാരം വരുത്തും. ഇപ്പോൾ നിയമത്തിലുള്ള അപാകതകൾ പരിഹരിക്കും.

9. സീറോ ബഡ്‌ജറ്റ് ഫാമിംഗ്

കാർഷിക രംഗത്ത് സീറോ ബഡ്‌ജറ്റ് രീതി നടപ്പാക്കും. മുഖ്യവിളയുടെ ഉത്പാദനത്തിന് അധികം ചെലവാകുന്ന തുക ഇടവിളകളുടെ ഉത്പാദനത്തിലൂടെ നികത്തുന്നതാണ് രീതി. രാസവളങ്ങൾക്കു പകരം പ്രാദേശികമായി ലഭിക്കുന്ന ചാണകം, ഗോമൂത്രം തുടങ്ങിയവ ഉപയോഗിക്കും.

10. വിദ്യാഭ്യാസം

പുതിയ വിദ്യാഭ്യാസ നയം ഉടനെ പ്രഖ്യാപിക്കുമെന്ന് നിർമ്മലാ സീതാരാമൻ അറിയിച്ചു. ഉന്നത വിദ്യാഭ്യാസരംഗം അടിമുടി പരിഷ്കരിക്കും. വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ പദ്ധതി തയ്യാറാക്കും. ഗവേഷണരംഗത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കും.

മോശം വശങ്ങൾ

1. ഇന്ധന വില

പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കൂടുന്നത് സ്വകാര്യ വാഹനമുള്ളവരെ വിഷമിപ്പിക്കും. വിലക്കയറ്റത്തിനും ഇടയാക്കും.

2.കോർപറേറ്റ് നികുതി

400 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളെ 25 ശതമാനം നികുതി ഇൗടാക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും. നേരത്തേ ഇത് 250 കോടി വരെ ആയിരുന്നു. നേരത്തേ നൽകിയ ഉറപ്പിനു വിപരീതമായാണ് ഇൗ നടപടിയെന്നാണ് കോർപറേറ്റ് ലോകത്തിന്റെ പ്രതികരണം.

3. തൊഴിൽ

തൊഴിലില്ലായ്മ പരിഹരിക്കാൻ ഉതകുന്ന വലിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല.

4. ആദായ നികുതി

ആദായ നികുതി സ്ളാബിൽ മാറ്റം വരുത്തിയില്ല. 5 ലക്ഷം വരെ വരുമാനമുള്ളവരെ പൂർണമായും ഒഴിവാക്കിയ പഴയ രീതി തുടരും. ഇപ്പോഴത്തെ നില അനുസരിച്ച് 5.50 ലക്ഷം വരുമാനമുള്ള വ്യക്തി 2.5 ലക്ഷത്തിനു മേലുള്ള വരുമാനത്തിന് നികുതി നൽകണം. ഇത് ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

5. സർചാർജ്

സമ്പന്നർക്ക് തിരിച്ചടി നൽകുന്നതാണ് ബഡ്‌ജറ്റ്. സ്വത്തു നികുതി വേണ്ടെന്നുവച്ചെങ്കിലും പണക്കാർക്കുള്ള സർചാർജ് വർദ്ധിപ്പിച്ചു. 2 മുതൽ 5 കോടി വരെ വരുമാനക്കാർക്ക് 3 ശതമാനവും 5 കോടിക്കു മേൽ വരുമാനമുള്ളവർക്ക് 7 ശതമാനവും സർചാർജ് നൽകണം.

6. ആർ.ബി.ഐ

റിസർവ് ബാങ്കിൽ നിന്ന് കൂടുതൽ ഡിവിഡന്റ് സർക്കാർ പ്രതീക്ഷിക്കുന്നതായുള്ള ധനമന്ത്രിയുടെ പരാമർശം, നേരത്തേ തന്നെ വിവാദത്തിനിടയാക്കിയ വിഷയം കൂടുതൽ ആളിക്കത്തിക്കും.