ചിറയിൻകീഴ്: ചിറയിൻകീഴ് നിവാസികളുടെ സ്വപ്‌നപദ്ധതിയായ റെയിൽ ഓവർബ്രിഡ്‌ജ് നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കി സർക്കാർ. പദ്ധതിയുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ചിറയിൻകീഴ് ബസ് സ്റ്റാൻഡിന് സമീപത്തെ ഗേറ്റിന് മുകളിലൂടെയാണ് ഓവർബ്രിഡ്ജ് നടപ്പാക്കുന്നത്. പദ്ധതിക്കായി വസ്‌തു നൽകിയ ഭൂഉടമകളുടെ രജിസ്ട്രേഷൻ നടപടികൾ അന്തിമഘട്ടത്തിലാണ്. ആകെ 88 ഭൂഉടമകളിൽ നിന്നാണ് വലിയകട മുതൽ പണ്ടകശാല വരെ നീളുന്ന ഓവർബ്രിഡ്‌ജിനായി സ്ഥലമെടുക്കുന്നത്. 80 പേരുടെ സ്ഥലമേറ്റെടുക്കൽ പൂർത്തിയായി. അവശേഷിക്കുന്ന എട്ടുപേരുടെ ഭൂമിഏറ്റെടുക്കൽ നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഈ വസ്‌തുക്കളിൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്നതാണ് ഏറ്റെടുക്കൽ വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുമാറ്റുന്നത് ഏറക്കുറെ പൂർത്തിയായി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ രൂപരേഖ തയ്യാറാക്കിയ പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡും വലിയകട ജംഗ്ഷനിൽ ട്രാഫിക് ഐലൻഡും പണിയാനാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
നഷ്ടപരിഹാരം നൽകിയത് - 10 കോടി
എ കാറ്റഗറി
------------------
വലിയകട മുതൽ ബസ് സ്റ്റാൻഡ് വരെ
എ കാറ്റഗറിക്ക് 9 ലക്ഷം രൂപ
20.74 ആർ വസ്‌തു
ബി കാറ്റഗറി
-------------------------
ബസ് സ്റ്റാൻഡ് മുതൽ പണ്ടകശാല വരെ
ബി കാറ്റഗറിക്ക് 7.9 ലക്ഷം രൂപ
19.02 ആർ വസ്‌തു
ഏറ്റെടുക്കുന്ന വസ്‌തു - 39.76 ആർ
നിർമ്മാണച്ചുമതല - റോഡ്സ് ആൻഡ് ബ്രിഡ്‌ജസ്
ഡെവലപ്മെന്റ് കോർപറേഷൻ ഒഫ് കേരള
11 മുതൽ 19 മീറ്റർ വരെ വീതി
700 മീറ്റർ നീളം
പദ്ധതിക്കായി ഇതുവരെ വകയിരുത്തിയത് - 25 കോടി രൂപ
പദ്ധതിയുടെ ആവശ്യകത
------------------------------------------
ചിറയിൻകീഴിലെ തിരക്കേറിയ റെയിൽവേ ഗേറ്റ്
ഗേറ്റ് അടയ്‌ക്കുമ്പോൾ രോഗികൾ ബുദ്ധിമുട്ടിൽ
ഗേറ്റ് അടയ്‌ക്കുന്നതിന്റെ ദൈർഘ്യം വർദ്ധിച്ചു
രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷം
ബസ് സ്റ്റാൻഡുള്ളത് കുരുക്ക് വർദ്ധിപ്പിക്കുന്നു
താലൂക്ക് ആശുപത്രിയിലേക്ക് വരുന്ന രോഗികൾ റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ ബുദ്ധിമുട്ടുകയാണ്. ഓവർബ്രിഡ്ജ് വന്നാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വർക്കല തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് ചിറയിൻകീഴിലേക്ക് വരാനും പോകാനും ഈ ഗേറ്റ് കടക്കണം.
പ്രതികരണം
-----------------------
സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെയും സ്ഥലവാസികളുടെയും സഹായം ആവശ്യമാണ്.
വി.ശശി, ഡെപ്യൂട്ടി സ്‌പീക്കർ