img

വർക്കല: ഓപ്പറേഷൻ റോമിയോ പദ്ധതി ശക്തമാക്കി വർക്കല പൊലീസ് രംഗത്തിറങ്ങിയപ്പോൾ പിടിയിലായത് അറുപതോളം പൂവാലന്മാർ. സ്റ്റേഷൻ പരിധിയിലെ സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുടെ സമീപത്ത് വിദ്യാർത്ഥിനികളെ ശല്യം ചെയ്തുവന്ന പൂവാലന്മാരെയാണ് പിടികൂടിയത്. മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടറുകളും, രേഖകൾ ഇല്ലാത്ത ബൈക്കുകളും, പ്രത്യേകതരം സൈലൻസറുകൾ ഘടിപ്പിച്ച് ശബ്ദമുണ്ടാക്കി പെൺകുട്ടികളെ ശല്യം ചെയ്തു വന്നവരും പിടിയിലായി. പിടികൂടിയ ചിലരിൽ നിന്നും കഞ്ചാവ് നിറച്ച സിഗരറ്റും, മറ്റു പുകയില ഉത്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്. ചെറുന്നിയൂർ ഹൈസ്കൂൾ, വർക്കല ഹൈസ്കൂൾ, എസ്.എൻ കോളേജ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. 18 വയസ് തികയാത്ത കുട്ടികൾക്ക് വാഹനം നൽകിയ രക്ഷകർത്താക്കളുടെ പേരിലും മോട്ടോർവാഹന നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. വർക്കല സി.ഐ ജി.ഗോപകുമാർ, എസ്.ഐ ശ്യാംജി എന്നിവരുടെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ ബിജു, മുരളീധരൻ, മധുലാൽ, രാധാകൃഷ്ണൻ, സി.പി.ഒമാരായ സതീശൻ, അനൂജ്, ഷമീർ, അജീസ്, ഹിരൺ, നാഷ്, അഭിനു, ഷാ, സലാം, സൂരജ് എന്നിവരുൾപെട്ട സംഘം 60ഓളം പൂവാലന്മാരെ നഗരപ്രദേശത്ത് നിന്നും പിടികൂടി.