ബ്രീഫ് കേസ് ഉപേക്ഷിച്ച് ചുവന്ന തുണിയിൽ പൊതിഞ്ഞു കൊണ്ടുവന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് പ്രതീക്ഷിച്ചതുപോലെ വലിയ കൗതുകമൊന്നും കാഴ്ചവയ്ക്കുന്നില്ല. അതിന്റെ പ്രധാന കാരണം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പിയൂഷ് ഗോയൽ കൊണ്ടുവന്ന ഇടക്കാല ബഡ്‌ജറ്റ് സമ്പൂർണ ബഡ്‌ജറ്റിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നതായിരുന്നു എന്നതാണ്. അതിലുൾപ്പെടുത്താതെ പോയ ചില നല്ല നിർദ്ദേശങ്ങൾ നിർമ്മല സീതാരാമന്റെ ബഡ്‌ജറ്റിലുണ്ട്. പാഠഭാഗം നന്നായി പഠിച്ച് ക്ളാസിലെത്തുന്ന കോളേജ് അദ്ധ്യാപികയെപ്പോലെ സരസമായും ഹൃദ്യമായും ബഡ്‌ജറ്റ് പ്രസംഗം അവർ വായിക്കുകയും ചെയ്തു. ബഡ്‌ജറ്റ് അവതരണത്തിനിടെ സഭയിൽ സാധാരണ കണ്ടുവരാറുള്ള ആക്രോശങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ ഒന്നും ഉണ്ടാകാതിരുന്നത് വിവാദ നിർദ്ദേശങ്ങളൊന്നും അധികം ഇല്ലാതിരുന്നതിനാലാകാം. ഏതായാലും ധനമന്ത്രിയെന്ന നിലയിൽ തന്റെ കന്നി ബഡ്‌ജറ്റ് അവതരണത്തിലൂടെ സഭയുടെ മുഴുവൻ സ്നേഹാദരങ്ങൾ പിടിച്ചുപറ്റാൻ നിർമ്മലയ്ക്ക് കഴിഞ്ഞു.
പ്രവർത്തിക്കുന്ന സർക്കാരിന് ജനങ്ങളിൽനിന്ന് ലഭിച്ച വലിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്. സമ്പൂർണ ബഡ്‌ജറ്റായതിനാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനങ്ങൾക്കിടയിൽ വളരെയധികം പ്രതീക്ഷകളും നാമ്പിട്ടിരുന്നു. എന്നാൽ പ്രതീക്ഷകൾ പലതും അസ്ഥാനത്തായെന്ന് ബഡ്‌ജറ്റ് അവതരണം കഴിഞ്ഞപ്പോഴാണ് ബോദ്ധ്യമായത്. വികസനത്തെക്കുറിച്ചും ഭാവിയിൽ വരാനിടയുള്ള നേട്ടങ്ങളെക്കുറിച്ചുമെല്ലാം ഏറെ പറഞ്ഞെങ്കിലും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നതിനെപ്പറ്റി വ്യക്തമായ സൂചനകളൊന്നുമില്ല. അഞ്ചുവർഷംകൊണ്ട് 500 കോടി ഡോളറിന്റെ (ഏകദേശം 340 ലക്ഷംകോടി രൂപ) വളർച്ച നേടുന്നവിധം സമ്പദ്സ്ഥിതി പുഷ്ടിപ്പെടുമെന്നാണ് വിലയിരുത്തൽ. ഇൗ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 300 കോടി ഡോളറിൽ അത് എത്തുമെന്ന് ധനമന്ത്രി കണക്കുകൂട്ടുന്നു. ലക്ഷ്യപ്രാപ്തിക്കായി എല്ലാ രംഗങ്ങളിലും വികസനം കൊണ്ടുവരാനുദ്ദേശിച്ചുള്ള പദ്ധതികൾക്കാണ് ബഡ്‌ജറ്റിൽ മുൻഗണന നൽകുന്നതെന്നാണ് ധനമന്ത്രിയുടെ അവകാശവാദം.
മദ്ധ്യവർഗം പ്രതീക്ഷിച്ചിരുന്ന ആദായനികുതി ഇളവുകളെന്നും ഉണ്ടായിട്ടില്ല. ഇടക്കാല ബഡ്‌ജറ്റിലെ നികുതി നിരക്കുകൾ അതേപടി തുടരും. അതിന് പുറമേ ഭവനവായ്പ എടുക്കുന്നവർക്ക് പലിശയിനത്തിൽ ഒന്നരലക്ഷം രൂപയുടെ അധികനികുതി ഇളവ് നൽകുമെന്ന പ്രഖ്യാപനം ഒട്ടേറെപ്പേർക്ക് ആശ്വാസമാകും. അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടതില്ല. ഇലക്ട്രിക് വാഹനമേഖലയെ പ്രോത്സാഹിപ്പിക്കാനായി ഒട്ടേറെ നിർദ്ദേശങ്ങൾ ബഡ്‌ജറ്റിലുണ്ട്. ഇലക്ട്രിക് വാഹനം വാങ്ങുന്ന ആൾക്ക് ഒന്നരലക്ഷം രൂപയുടെ നികുതി ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻതുക പിൻവലിക്കുന്നവർ അതിന് നികുതി നൽകേണ്ടിവരും. പിൻവലിക്കൽ ഒരുകോടിക്കു മേലാണെങ്കിൽ രണ്ടുശതമാനമാകും നികുതി. രണ്ടുമുതൽ അഞ്ചുകോടിവരെയുള്ള തുകയ്ക്ക് മൂന്ന് ശതമാനവും അഞ്ചുകോടിക്ക് മുകളിലാണെങ്കിൽ ഏഴുശതമാനവുമാകും നികുതി.
സ്വർണം, രത്‌നം എന്നിവയുടെ കസ്റ്റംസ് തീരുവ പത്തിൽനിന്ന് പന്ത്രണ്ടര ശതമാനമായി ഉയർത്തുന്നതോടെ ഇവയുടെ വില ഇനിയും ഉയരും. ഏത് മന്ത്രവാദത്തിനും കോഴി അവശ്യഘടകമാകുന്നതുപോലെ പെട്രോൾ, ഡീസൽ എന്നിവയെ ധനമന്ത്രി വെറുതെ വിടുന്നില്ല. ഇവയ്ക്ക് ലിറ്ററിന് ഒരു രൂപ നിരക്കിൽ പുതുതായി തീരുവ ചുമത്തിയിരിക്കുകയാണ്. ഇന്ധനവിലയിലെ കൊള്ളയെക്കുറിച്ച് വ്യാപകമായ പരാതികൾ നിലനിൽക്കുമ്പോഴാണ് ഇൗ അധികഭാരം.
ഗതാഗത മേഖലയിൽ വൻകുതിപ്പിനു സഹായകമായ പദ്ധതികളെക്കുറിച്ച് ധനമന്ത്രി പറയുന്നുണ്ട്. ഭാരത്‌മാല, സാഗർ മാല, ഉഡാൻ പദ്ധതികൾക്കായി വൻതോതിൽ പണം ചെലവഴിക്കും. വിവിധ സംസ്ഥാനങ്ങളിലായി പുതുതായി 300 കിലോമീറ്റർ മെട്രോപ്പാതയും നിർമ്മിക്കും. അടിസ്ഥാന വികസന പദ്ധതികൾവഴി വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പൊതുമേഖലാ ഒാഹരികൾ വിൽക്കുന്നതുവഴി നടപ്പുവർഷം 105000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. മുൻവർഷം ഇൗയിനത്തിൽ 90000 കോടിരൂപ ലക്ഷ്യമിട്ടെങ്കിലും അടുത്തെത്താനായില്ലെന്നും ഒാർക്കണം. പ്രതിവർഷം ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ള മൂന്നുകോടി ചെറുകുട വ്യാപാരികൾക്ക് പെൻഷൻ പുതുതായി 1.95 കോടി വീടുകളുടെ നിർമ്മാണം , മാദ്ധ്യമ, ഇൻഷ്വറൻസ് , വ്യോമയാന മേഖലകളിൽ നേരിട്ടുള്ള വിദേശനിക്ഷേപം ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് പുതിയ വായ്പാപദ്ധതികൾ, ഫിഷറീസ് മേഖലയുടെ നവീകരണം, ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത എല്ലാ വ്യാപാരികൾക്കും രണ്ടുശതമാനം നികുതി ഇളവ്, ഒരുകോടി യുവാക്കൾക്ക് നൈപുണ്യ പരിശീലനം, മാതൃകാ വാടകനയം, തൊഴിൽനിയമ പരിഷ്കരണം, ജലസ്രോതസുകളുടെ പരിപാലനത്തിന് ജലജീവൻ മിഷൻ രാജ്യമാെട്ടാകെ ഒരൊറ്റ വൈദ്യുതി, ജലഗ്രിഡ് തുടങ്ങി നിരവധി പദ്ധതികൾ നടപ്പുവർഷം ഏറ്റെടുമെന്ന് ധനമന്ത്രി പറയുന്നുണ്ട്. ഭവന നിർമ്മാണ പദ്ധതിക്ക് കീഴിലുള്ള വീടുകളുടെ പണി 114 ദിവസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. സ്വാഗതാർഹമായ നിർദ്ദേശമാണത്. അതുപോലെ അഞ്ചുവർഷത്തിനകം രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതിയും പൈപ്പ് വെള്ളവും എത്തിച്ചുകൊടുക്കാനുള്ള പദ്ധതികളും പ്രശംസാർഹമാണ്.
വിദ്യാഭ്യാസമേഖലയിൽ സർക്കാർ നിക്ഷേപം വൻതോതിൽ ഉയർത്തണമെന്ന് ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനുള്ള പദ്ധതി ഏറ്റെടുക്കാൻ ധനമന്ത്രി തയ്യാറായിട്ടുണ്ട്. ഗവേഷണ പദ്ധതികൾക്കായി 400 കോടിരൂപയും വകകൊള്ളിച്ചു.
വനിതാ സ്വയംസഹായ സംഘങ്ങൾക്ക് എല്ലാജില്ലകളിലും പലിശയിളവ് നൽകാനും സംഘത്തിലെ ഒരു അംഗത്തിന് ഒരുലക്ഷം രൂപയുടെ വായ്പ നൽകാനുമുള്ള പുതിയൊരു പദ്ധതി ബഡ്‌ജറ്റിലുണ്ട്. ബാങ്കുകളുടെ കിട്ടാക്കടത്തിൽ ഒരുലക്ഷം കോടിരൂപ തിരികെ ലഭിച്ചിട്ടുണ്ടെന്നാണ് ബഡ്‌ജറ്റിൽ പറയുന്നത്. ഇതിനിടയിലും പൊതുമേഖലാ ബാങ്കുകൾക്ക് ഇൗവർഷം സർക്കാർ നൽകാൻ പോകുന്നത് മുക്കാൽ ലക്ഷം കോടിരൂപയാണ്.അടിസ്ഥാനവികസന മേഖലയിൽ അഞ്ചുവർഷംകൊണ്ട് 100 ലക്ഷം കോടി രൂപയുടെ വികസനം നടപ്പാക്കാനൊരുങ്ങുന്ന സർക്കാർ അതിനായി ജനങ്ങളുടെ മേൽ പുതുതായി എന്തുമാത്രം നികുതിഭാരം അടിച്ചേല്പിക്കേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാവില്ല. പ്രത്യക്ഷ-പരോക്ഷ നികുതി പിരിവിൽ സ്ഥിരമായി അനുഭവപ്പെടുന്ന കുറവ് ധനക്കമ്മി വർദ്ധിപ്പിക്കുന്നത് കാണാതിരുന്നുകൂട. കടലാസിൽ കാണുംപോലെയല്ല ഒരിക്കലും കാര്യങ്ങൾ. ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നതും യഥാർത്ഥത്തിൽ നേടുന്നതും തമ്മിലുള്ള പൊരുത്തക്കേട് വളരെ വലുതാണ്. സാധാരണക്കാർക്ക് എളുപ്പം മനസിലാകാത്ത പൊരുത്തക്കേടുകളിൽ ചവിട്ടിനിന്നാണ് ഒാരോ വർഷവും ധനമന്ത്രിമാർ പ്രതീക്ഷകളുടെ പുതുപുത്തൻ ബഡ്‌ജറ്റുകൾ അവതരിപ്പിക്കാറുള്ളത്.