gold-theft

തിരുവവനന്തപുരം : തലസ്ഥാനത്ത് കാറിൽ സഞ്ചരിച്ച വ്യാപാരിയെ ആക്രമിച്ച് 183.5 സ്വർണം കവർന്ന സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നാലുപേർ തൃശൂരിൽ നിന്ന് ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ. തലസ്ഥാനവാസിയായ ഒരാളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇവർക്ക് സംഭവവുമായി നേരിട്ട് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. കവർച്ചാസംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കവർച്ചയുടെ വിവരങ്ങൾ നേരത്തേ അറിയാമായിരുന്ന ഇവരാണ് സംഭവശേഷം സംഘത്തെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് പൊലീസിന് സൂചന ലഭിച്ചു.

വിവിധ ജോലികൾക്കായി തൃശൂരിലെത്തിയതാണ് ഇതരസംസ്ഥാന തൊഴിലാളികൾ. അതേസമയം സംഭവം നടന്ന് ഒരാഴ്ചയാകുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് പൊലീസിന് തലവേദനയാണ്. തൃശൂരും തമിഴ്നാട് ദിണ്ഡിഗലും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. നിലവിൽ തൃശൂരും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

സ്വർണവ്യപാരിയായ ബിജു ഒരു വർഷത്തിലേറെയായി എല്ലാ തിങ്കളും വെള്ളിയും തൃശൂരിൽ നിന്ന് സ്വർണം വാങ്ങുന്നയാളാണ്. പിറ്റേന്ന് പുലർച്ചെ എഗ്മോർ എക്‌സ്‌പ്രസിൽ തമ്പാനൂരിലെത്തുകയും അതിന് ശേഷം സ്വന്തം കാറിൽ വീട്ടിലേക്ക് പോവുകയുമാണ് പതിവ്. ഇത് കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം ശ്രീവരാഹത്ത് വച്ചായിരുന്നു സംഭവം.

കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനം അന്ന് നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഖത്തറിൽ ജോലിയുള്ള കോട്ടയം സ്വദേശിയുടേതാണ് ഈ വാഹനം. ഇയാൾ രണ്ട് വർഷം മുൻപ് വിറ്റതാണെന്നും പറയുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.