img

വർക്കല: ആട്ടോയിൽ സ്പിരിറ്റ് കച്ചവടം നടത്തിയ വില്പന കേസിലെ പ്രതികൾ 19 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര കുന്നുവാരം പൊന്നറവീട്ടിൽ കൊച്ചുമണി (52), ആറ്റിങ്ങൽ ചിറ്റാറ്റിൻകര വയലിൽ കളത്തിനു സമീപം കക്കാട്ട്‌വിള പുത്തൻവീട്ടിൽ കുഞ്ഞുമോൻ(43) എന്നിവരെയാണ് വർക്കല സർക്കിൾ ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. 2000ൽ ആയിരുന്നു സംഭവം. ഒന്നാം പ്രതിയായ കൊച്ചുമണിയുടെ ഉടമസ്ഥതയിലുള്ള ആട്ടോറിക്ഷയിൽ 1ലിറ്റർ വീതം ചാരായം നിറച്ച 200 കുപ്പികൾ പാളയംകുന്ന് ജംഗ്ഷനിൽ വില്പന നടത്തുകയായിരുന്നു. ഇതിൽ കൊച്ചുമണിയെ പൊലീസ് പിടികൂടിയിരുന്നു. രണ്ടാംപ്രതിയായ കുഞ്ഞുമോൻ അന്ന് ഓടിരക്ഷപ്പെട്ടിരുന്നു. അന്ന് റിമാൻഡിലായ കൊച്ചുമണി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. മംഗലാപുരത്ത് ജോലി നോക്കി വന്നിരുന്ന രണ്ടുപേരും നാട്ടിലെത്തിയതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.