തിരുവനന്തപുരം : മോഷണക്കേസ് പ്രതി പൊലീസുകാരനെ തള്ളിയിട്ട ശേഷം സ്റ്റേഷനിൽ നിന്ന് ഓടിരക്ഷപ്പെട്ടു. മോഷണക്കേസിൽ പിടിയിലായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിൻ സ്റ്റാലിനാണ് (28) രക്ഷപ്പെട്ടത്. തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12.10 ഓടെയായിരുന്നു സംഭവം. ഒരു മാസം മുമ്പ് എം.ജി റോഡിൽ നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. കൈവിലങ്ങുകൾ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ ജി.ഡി ചുമതലയുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ അനിൽകുമാറിനെ പിടിച്ചു തള്ളി മുറിയുടെ പുറത്തിറങ്ങി ഗ്രിൽ വലിച്ച് അടച്ചു. തുടർന്ന് പിറകുവശത്തെ വാതിലിലൂടെ സെബിൻ ഓടിരക്ഷപ്പെട്ടു. ഇയാൾ പിറകിലെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സമയം സ്‌റ്റേഷന് മുന്നിൽ പാറാവിനുണ്ടായിരുന്ന വനിതാ പൊലീസുകാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിൻ രക്ഷപ്പെട്ടിരുന്നു.
സി.ഐയും എസ്.ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പുറത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. ക്രൈം വിഭാഗത്തിൽ ഏതാനും പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ വേണ്ടത്ര സൗകര്യങ്ങളിലാത്ത ചെറിയ കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പ്രതികളെ പാർപ്പിക്കാൻ സെല്ലുകളുമില്ല. ജി.ഡി ചുമതലയുള്ള പൊലീസുകാരൻ ഇരിക്കുന്ന മുറിയിലാണ് പ്രതികളെയും പാർപ്പിക്കുന്നത്. പ്രതിക്കായി വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നഗരത്തിലെ വിവിധയിടങ്ങളിലെ സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. മ്യൂസിയം സ്‌റ്റേഷനിൽ ഒരു മോഷണക്കേസിൽ പിടിയിലായ ഇയാൾ ഏതാനും ആഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.