ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാ പുരസ്കാരം ലഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ജില്ലയിലെ പ്രവർത്തന മികവ് വിലയിരുത്തിയാണ് അവാർഡ്.
മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലയിലെ മൂന്നു സ്കൂളുകളിലൊന്നായാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ തിരഞ്ഞെടുത്തത്. ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയാറാക്കൽ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും മറ്റും പ്രവർത്തന മികവ്, സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്. തിരുവനന്തപുരം ടാഗോർ തീയറ്റിറിൽ നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളും സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജി.എൽ. നിമി, പി.ടി.എ. പ്രസിഡന്റ് അഡ്വ. എൽ. ആർ. മധുസൂദനൻ നായർ, സ്കൂൾ ഐ.ടി കോ- ഓർഡിനേറ്റർ ഡിസീല സുൽത്താന എന്നിവർ മന്ത്രി പ്രൊഫ.ര വീന്ദ്രനാഥിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.