കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ അടിയന്തര റിപ്പോർട്ട് തേടി
തിരുവനന്തപുരം: ധനസഹായം മന്ത്രി ഉറപ്പ് നൽകിയിട്ടും ,മുടങ്ങിയ വായ്പയുടെ പേരിൽ മൺകുടിലിൽ നിന്നിറക്കി വിടുമെന്ന ബാങ്കിന്റെ ഭീഷണിക്ക് മുമ്പിൽ നിസ്സഹായയായ വൃദ്ധമാതാവിന്റെ തുണയ്ക്ക് ഒടുവിൽ മനുഷ്യാവകാശ കമ്മിഷൻ..
കരമന സഹകരണ അർബൻ ബാങ്കിന്റെ ഇത് സംബന്ധിച്ച നടപടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ആന്റണി ഡൊമനിക് സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് നിർദേശം നൽകി. ബാങ്കും റിപ്പോർട്ട് നൽകണം.
എടുക്കാത്ത വായ്പയ്ക്ക് ജപ്തി ഭീഷണി നേരിടുന്ന കോവളത്തിനടുത്ത് വട്ടപ്പാറ ബിജിഭവനിൽ വസന്തയുടെ (65) നിസാഹായാവസ്ഥയെയും ദുരിതം നിറഞ്ഞ ഏകാന്തജീവിതത്തേയും കുറിച്ച് 'മന്ത്രി കനിഞ്ഞിട്ടും കരുണയില്ലാതെ ബാങ്ക്, മരണങ്ങൾക്കു നടുവിൽ ജപ്തിക്കു കീഴെ ഈ വൃദ്ധമാതാവ് ഒറ്റയ്ക്ക്' എന്ന തലക്കെട്ടിൽ ഇക്കഴിഞ്ഞ രണ്ടിന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷന്റെ നടപടി.
വസന്തയുടെ മകൾ സുചിത്രയുടെ ഭർത്താവ് സുനിൽകുമാറാണ് നാലു വർഷം മുമ്പ് കരമന സഹകരണ അർബൻ ബാങ്കിൽ നിന്ന് മൂന്നു ലക്ഷം രൂപ വായ്പയെടുത്തത് വായ്പ എന്തിനായിരുന്നുവെന്ന് പോലും അറിയില്ലെങ്കിലും രേഖകളിൽ ഒപ്പിട്ടത് വസന്തയാണ്. അയാൾ രണ്ടര വർഷം മുമ്പ് ആത്മഹത്യ ചെയ്തു. ഭർത്താവു മരിച്ച് മൂന്നു മാസം തികയും മുമ്പ് രണ്ടര വയസ്സുകാരിയായ കുഞ്ഞിനെ കൊലപ്പെടുത്തി മകളും മരണം വരിച്ചു..പതിനെട്ടു വർഷം മുമ്പേ ഭർത്താവ് വിജയൻ ജോലിക്കിടെ പാറമടയിൽ വീണു മരിച്ചതിനു ശേഷം ദുരന്തങ്ങൾ വസന്തയെ വിടാതെ പിൻതുടരുകയായിരുന്നു. എന്നിട്ടും പിടിച്ചുനിന്ന വസന്ത ഹോട്ടലിൽ പാത്രം കഴുകിയും കൂലിപ്പണിയെടുത്തും കുടുംബം നോക്കി. ഒടുവിൽ ഒറ്റയ്ക്കായിട്ടും, തനിക്കു പങ്കില്ലാത്ത ബാദ്ധ്യതയിൽ ആവുന്നിടത്തോളം തിരിച്ചടച്ചു. മുതലിന്റെ ബാക്കിയും പലിശയും പിഴയും ചേർത്ത് ഇനി ബാദ്ധ്യത 2,48,944 രൂപ! ഇതിന്റെ പേരിലാണ് ഭീഷണി നേരിടുന്നത്.
സഹകരണ വകുപ്പിന്റെ റിസ്ക് ഫണ്ടിൽ നിന്നും ധനസഹായം നൽകാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴും ബാങ്ക് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നാണ് പരാതി. എന്നാൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്രുകൾ ചോദിക്കുകമാത്രമെ ചെയ്തുള്ളൂവെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. വാർത്തയെ തുടർന്ന് വസന്തയ്ക്ക് ആൾസഹായത്തിനായി ജനമൈത്രി പൊലീസും വീട്ടിലെത്തിയിരുന്നു.
''ബാങ്ക് അധികൃതരോട് വിശദീകരണം ചോദിച്ച് വേണ്ട നടപടി എടുക്കും''- കടകംപള്ളി സുരേന്ദ്രൻ, സഹകണ വകുപ്പ് മന്ത്രി