തിരുവനന്തപുരം: ചേർത്തല പള്ളിപ്പുറത്ത് സംസ്‌ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) ഇൻഡസ്‌ട്രിയൽ ഗ്രോത്ത് സെന്ററിൽ വ്യവസായ വകുപ്പ് ഒരുക്കുന്ന മെഗാ മറൈൻ ഫുഡ്‌പാർക്ക് ആഗസ്‌റ്റിൽ കമ്മിഷൻ ചെയ്യും. സമുദ്രോത്‌പന്ന സംഭരണം, സംസ്‌കരണം, കയറ്റുമതി എന്നിവ ഇവിടെ സാദ്ധ്യമാകും. മൂന്നു പ്രവർത്തനങ്ങളും ഒരു കേന്ദ്രത്തിൽ തന്നെ ഒരുക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണിത്.
130 കോടി രൂപയാണ് പാർക്കിന്റെ നിർമ്മാണച്ചെലവ്. 68 ഏക്കറിൽ സജ്ജമാകുന്ന പാർക്കിന്റെ 98 ശതമാനം നിർമ്മാണവും പൂർത്തിയായി. സംസ്‌കരണ സംഭരണ സംവിധാനങ്ങൾ, കെട്ടിടങ്ങൾ റോഡ്, ചുറ്റുമതിൽ എന്നിവയും വയറിംഗ്, പ്ലംബിംഗ് ജോലികളും പൂർത്തിയായിട്ടുണ്ട്. ട്രാൻസ്‌ഫോർമർ, ജനറേറ്ററുകൾ എന്നിവ സ്ഥാപിക്കുന്ന ജോലി ശേഷിക്കുന്നു. ഫുഡ്പാർക്ക് കമ്മിഷൻ ചെയ്യുന്നതോടെ നിലവിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന സമുദ്രോത്പന്ന ശേഖരണം, സംസ്‌കരണം, സംഭരണം, കയറ്റുമതി എന്നിവയെല്ലാം പള്ളിപ്പുറത്തെ പാർക്കിൽ ചെയ്യാനാകും.
ആറുകോടി രൂപവീതം ചെലവിട്ട് നിർമ്മിച്ച സംസ്‌കരണ യൂണിറ്റ്, ഫ്രീസർ എന്നിവയക്ക് 10 ടൺ വീതമാണ് സംഭരണശേഷി. 11 കോടി രൂപ ചെലവിലാണ് ശീതീകരണ സംവിധാനമുള്ള സംഭരണ യൂണിറ്റ്. ഇതിന് 300 ടൺ സംഭരണശേഷിയുണ്ട്. ഓഫീസ്, ബാങ്ക്, ഗുണനിലവാര പരിശോധന, കസ്‌റ്റംസ് ഓഫീസ് എന്നിവ അടങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണച്ചെലവ് ആറു കോടി രൂപയാണ്. 20 ലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റുമുണ്ട്.
കസ്‌റ്റംസ് ഓഫീസും
കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസിന്റെ താത്കാലിക ഓഫീസ് പാർക്കിൽ പ്രവർത്തിക്കുന്നുണ്ട്. കയറ്റുമതിക്ക് മുമ്പുള്ള എല്ലാ പരിശോധനകളും കടലാസ് ജോലികളും ഇവിടെ നടത്തും. പരിശോധനയ്ക്ക് ശേഷം കസ്‌റ്റംസ് മുദ്രവച്ച കണ്ടെയ്‌നറുകൾ കൊച്ചി തുറമുഖംവഴി കയറ്റുമതി ചെയ്യും.