തിരുവനന്തപുരം: സംസ്‌ഥാന വനിതാ ശിശു വികസന വകുപ്പിന്റെ 'സമ്പുഷ്‌ട കേരളം" പദ്ധതിയുടെ ഭാഗമായി അംഗൻവാടികളിലെ ഗുണഭോക്താക്കൾക്ക് മിൽമയുടെ യു.എച്ച്.ടി. പാൽ ലഭ്യമാക്കുന്നു. കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യം നിലനിറുത്തുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ സപ്ലിമെന്ററി ന്യൂട്രീഷ്യൻ പ്രോഗ്രാമിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി പഞ്ചായത്തുകൾക്ക് തുക അനുവദിക്കും.

180 എം.എൽ പാക്കറ്റുകളിലാണ് പാൽ നൽകുന്നത്. അൾട്രാ പാസ്ചറൈസേഷൻ ഫുഡ് പ്രോസസ് ടെക്‌നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന യു.എച്ച്.ടി. പാൽ, 135 ഡിഗ്രി ഊഷ്മാവിലാണ് സംസ്‌കരിക്കുന്നത്. ഫ്രിഡ്‌ജിൽ വയ്‌ക്കാതെ തന്നെ ഈ പാൽ സാധാരണ ഊഷ്മാവിൽ മൂന്നുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. തിളപ്പിക്കാതെ തന്നെ ഉപയോഗിക്കാവുന്ന അണുവിമുക്തമായ പാലാണിത്.