തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലേയും ഡെന്റൽ കോളേജുകളിലേയും ഹൗസ് സർജൻമാർ, പി.ജി ഡിഗ്രി വിദ്യാർത്ഥികൾ, പി.ജി സൂപ്പർ സ്‌പെഷ്യാലിറ്റി ഡിഗ്രി വിദ്യാർത്ഥികൾ എന്നിവരുടെ സ്റ്റൈപന്റ് വർദ്ധിപ്പിച്ച് ഉത്തരവായി.

മെഡിക്കൽ, ദന്തൽ വിഭാഗം ഹൗസ് സർജൻമാർക്ക് 5,000 രൂപ വർദ്ധിപ്പിച്ച് 25,000 രൂപയാക്കി. മെഡിക്കൽ, ദന്തൽ വിഭാഗം പി.ജി ജൂനിയർ റസിഡന്റുമാർക്ക് 10,000 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഒന്നാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 53,000 രൂപയും രണ്ടാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 54,000 രൂപയും മൂന്നാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 55,000 രൂപയും സ്റ്റൈപന്റായി ലഭിക്കും. മെഡിക്കൽ പി.ജി ഡിപ്ലോമ ജൂനിയർ റസിഡന്റുമാർക്കും 10,000 രൂപ വർദ്ധിപ്പിച്ചു. ഇതോടെ ഒന്നാം വർഷ പി.ജി ഡിപ്ലോമ ജൂനിയർ റസിഡന്റുമാർക്ക് 53,000 രൂപയും രണ്ടാം വർഷ പി.ജി. ഡിപ്ലോമ ജൂനിയർ റസിഡന്റുമാർക്ക് 54,000 രൂപയും ലഭിക്കും.

മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി പി.ജി ഒന്നാം വർഷ സീനിയർ റസിഡന്റുമാർക്ക് 16,000 രൂപ വർദ്ധിപ്പിച്ച് 63,000 രൂപയും രണ്ടാം വർഷ സീനിയർ റസിഡന്റുമാർക്ക് 17,000 രൂപ വർദ്ധിപ്പിച്ച് 65,000 രൂപയും മൂന്നാം വർഷ സീനിയർ റസിഡന്റുമാർക്ക് 18,000 രൂപ വർദ്ധിപ്പിച്ച് 67,000 രൂപയുമാക്കി.

മെഡിക്കൽ, ദന്തൽ വിഭാഗങ്ങളിലെ നോൺ അക്കാഡമിക് വിഭാഗത്തിൽ ബോണ്ട് വ്യവസ്ഥയിലുള്ള സീനിയർ റസിഡന്റുമാരുടെ സ്റ്റൈപന്റ് 20,000 രൂപ വർദ്ധിപ്പിച്ച് 70,000 രൂപയുമാക്കിയിട്ടുണ്ട്.

ഇതുകൂടാതെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ജോലിചെയ്യുന്ന ജൂനിയർ റെസിഡന്റുമാർക്കുള്ള (എം.ബി.ബി.എസ്.) പ്രതിഫലം 35,000 രൂപയിൽ നിന്നും 42,000 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 2015ന് ശേഷം ഇതാദ്യമായാണ് സ്റ്റൈപന്റ് വർദ്ധിപ്പിക്കുന്നത്.

മെഡിക്കൽ, ദന്തൽ വിഭാഗം ഹൗസ് സർജൻമാർക്ക് 5,000 രൂപ വർദ്ധിപ്പിച്ചു

പി.ജി ജൂനിയർ റസിഡന്റുമാർക്ക് 10,000 രൂപ

പുതിയ സ്റ്റൈപന്റ്

ഒന്നാം വർഷ ജൂനിയർ റസിഡന്റുമാർ- 53,000 രൂപ,

രണ്ടാം വർഷ ജൂനിയർ റസിഡന്റുമാർ- 54,000 രൂപ

മൂന്നാം വർഷ ജൂനിയർ റസിഡന്റുമാർ- 55,000 രൂപ