thomas-issac

തിരുവനന്തപുരം: പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ബഡ്ജറ്റ് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പുനർനിർമ്മാണത്തിനായി സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പോലും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കാണ് ഇത് എത്തിക്കുക. വായ്പാപരിധി ഉയർത്തുകയായിരുന്നു ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം മുന്നോട്ടുവച്ച പ്രധാന ആവശ്യം. അതിൽ കേന്ദ്രമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. ഫലത്തിൽ 6000 കോടി രൂപ വായ്പാ പരിധിയിൽ കുറഞ്ഞ സ്ഥിതിയാണ്. ലോകബാങ്ക്, മറ്റ് വിദേശ ഏജൻസികൾ എന്നിവിടങ്ങളിൽ നിന്ന് വാങ്ങാനിരിക്കുന്ന വായ്പകളെയും ഇൗ നിലപാട് പ്രതികൂലമായി ബാധിക്കും.

കേന്ദ്ര സർക്കാരിനു കീഴിലുള്ള, കേരളത്തിലെ ബോർഡുകളുടെ അടങ്കലിൽ വർദ്ധന വരുത്തിയിട്ടില്ല. കേരളത്തിന്റെ ഒരു ആവശ്യവും അംഗീകരിക്കാൻ കേന്ദ്രം തയ്യാറായില്ല. ഇത് പ്രതിഷേധാർഹമാണ്. സംസ്ഥാനത്തെ ഞെരുക്കുന്ന ബഡ്‌ജറ്റാണിത്. കേന്ദ്രസർക്കാർ സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്തിന്റെ പല പദ്ധതികൾക്കും പണം കണ്ടെത്താൻ കഴിയില്ല. കേന്ദ്രസർക്കാർ ബഡ്ജറ്റിനു പുറത്ത് സഹായം പ്രഖ്യാപിച്ചാലും മതി. ഇക്കാര്യങ്ങൾ വിശദമാക്കി കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതുമെന്നും തോമസ് ഐസക് പറഞ്ഞു.

പെട്രോളിനും ഡീസലിനും 2 രൂപ വർദ്ധിപ്പിച്ചതാണ് ബഡ്ജറ്റിലെ ഏറ്റവും മോശം നടപടി. മോദി സർക്കാർ ആദ്യം അധികാരത്തിൽ വന്നപ്പോൾ പെട്രോളിന്റെ അടിസ്ഥാന വില 9.2 രൂപയായിരുന്നു. ഇന്നലെ വരെ 17.98 രൂപ. ഇന്ന് 19.98 രൂപയായി. എക്‌സൈസ് ഡ്യൂട്ടിയല്ല,​ സ്പെഷ്യൽ എക്‌സൈസ് ഡ്യൂട്ടിയാണ് കേന്ദ്രം വർദ്ധിപ്പിച്ചിരിക്കുന്നത്. എക്‌സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചിരുന്നെങ്കിൽ സംസ്ഥാനത്തിനും വരുമാനം ലഭിക്കുമായിരുന്നു.

മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഡീസലിന് 3.46 രൂപയായിരുന്നു അടിസ്ഥാനവില. ഇന്നലെ 13.83 രൂപ. ഇന്ന് 15.83 ആയി. പ്രധാന പദ്ധതികൾക്ക് കഴിഞ്ഞ തവണത്തെ തുകയേ നീക്കിവച്ചിട്ടുള്ളൂ. റെയിൽവേയിൽ സ്വകാര്യവത്കരണത്തിനും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിനുകൾ സ്വകാര്യ കമ്പനികൾക്കു നൽകും. ഇത് പലയിടത്തും പരാജയപ്പെട്ട നടപടിയാണ്. ആയുഷ്മാൻ ഭാരതിന് 6,000 കോടിയേ ഉള്ളൂ. തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം കുറഞ്ഞതായും ധനമന്ത്രി പറഞ്ഞു.