തിരുവനന്തപുരം : സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. ചില ഘട്ടങ്ങളിൽ കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിലും അത് പ്രവർത്തനങ്ങളെ ബാധിക്കില്ല. തലസ്ഥാന നഗരം സ്മാർട്ടാക്കാനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമാർട്ട് സിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റിന് എതിർവശത്തെ ഫെലിസിറ്റി സ്‌ക്വയറിന്റെ നാലാം നിലയിലാണ് ഓഫീസ്. ചീഫ് സെക്രട്ടറി ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു. സ്മാർട്ട് സിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ പി. ബാലകിരൺ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭാ സെക്രട്ടറി ദീപ .എൽ.എസ്, സ്മാർട്ട് സിറ്റി ജനറൽ മാനേജർ ഡോ. സനൂപ് ഗോപീകൃഷ്ണ എന്നിവർ സംസാരിച്ചു.