തിരുവനന്തപുരം : തലസ്ഥാനത്തു നിന്നും കാണാതായ ജർമ്മൻ സ്വദേശിനി ലിസ വെയ്‌സിനെ കണ്ടെത്താനാകാതെ പൊലീസ് കുഴയുന്നു. ലിസ ഉപയോഗിച്ചിരുന്ന മൊബൈൽ രേഖകൾ എത്രയും വേഗം ലഭ്യമാക്കാൻ കേരള പൊലീസ് ഇവർ ഉപയോഗിച്ചിരുന്ന വിദേശ സിം കമ്പനിക്ക് നോട്ടീസ് നൽകി. മൊബൈൽ ടവർ വിവരങ്ങളും ഫോൺ രേഖകളും ലഭിച്ചാൽ അന്വേഷണം പുരോഗമിക്കുമെന്നാണ് കണക്കുകൂട്ടൽ. ജർമ്മൻ കോൺസുലേറ്റിന്റെ സഹായത്തോടെയാണ് ഇതിനാവശ്യമായ നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. ജർമ്മനിയിൽ നിന്നും വിവരങ്ങൾ ലഭ്യമാകാനുള്ള സ്വാഭാവികമായ കാലതാമസം അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
ഇന്ത്യയിലെത്തിയ ലിസ ഇവിടത്തെ മൊബൈൽ സിമ്മുകൾ എടുത്തിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. മാർച്ച് 7 ന് തിരുവനന്തപുരത്തെത്തിയ ലിസ 10 വരെ അമ്മ കാത്രി വെയ്‌സുമായി ബന്ധപ്പെട്ടിരുന്നു. പിന്നീടാണ് ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായത്. ഇവർ മറ്റൊരു സിം ഉപയോഗിക്കാനുള്ള സാദ്ധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ലിസയെ കണ്ടെത്താനുള്ള യെല്ലോ നോട്ടീസ് ഇന്റർപോൾ എല്ലാ രാജ്യങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വിവരങ്ങളും പരിശോധിച്ചു വരികയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഫോട്ടോ സഹിതം നോട്ടീസ് നൽകിയിട്ടുമുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും തിരച്ചിൽ തുടരുകയാണ്. ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. ലിസക്കൊപ്പമെത്തുകയും തനിച്ച് മടങ്ങുകയും ചെയ്ത യു.കെ സ്വദേശി മുഹമ്മദ് അലിയുമായി ബന്ധപ്പെടാനും കോൺസുലേറ്റ് വഴി പൊലീസ് ശ്രമിക്കുന്നുണ്ട്.