ഭീകര വിരുദ്ധ സേനാ മേധാവിയായി പകരം നിയമനം
തിരുവനന്തപുരം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്രഡി മരണവുമായി ബന്ധപ്പെട്ട് ഏറെ ആരോപണങ്ങൾക്ക് വിധേയനായ കെ.ബി.വേണുഗോപാലിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്രി. കൊച്ചി ആസ്ഥാനമായുള്ള ഭീകര വിരുദ്ധ സേനയുടെ (എ.ടി.എഫ്) മേധാവിയായാണ് പുതിയ നിയമനം.
മലപ്പുറം എസ്.പി ടി.നാരായണനെ ഇടുക്കി എസ്.പിയായി മാറ്രി നിയമിച്ചിട്ടുണ്ട്. എം.എസ്.പി കമണ്ടാന്റായ യു.അബ്ദുൾകരീമിനെ മലപ്പുറം എസ്.പിയായും നിയമിച്ചു.എം.എസ്.പി കമണ്ടാന്റിന്റെ അധിക ചുമതലയും ഇദ്ദേഹത്തിന് നൽകി.
എസ്.പി വേണുഗോപാലിന്റെ അറിവോടെയാണ് രാജ് കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ചതെന്നും അതിനാൽ വേണുഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്നും നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡിയിൽ മരിച്ച രാജ് കുമാറിന്റെ മാതാവും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.രാജ് കുമാർ പൊലീസ് കസ്റ്രഡിയിലുണ്ടെന്നതുൾപ്പെടെ എല്ലാ വിവരങ്ങളും എസ്.പിയെയും ഡിവൈ. എസ്.പിയെയും അറിയിച്ചിരുന്നതായാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്രിലായ എസ്.ഐ സാബുവും മറ്ര് പൊലീസുകാരും ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെയും എസ്.പിക്കെതിരായ പരാതികളുടെയും കൂടി അടിസ്ഥാനത്തിലാണ് മാറ്റം.