cpm-

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന നഗരമുൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിലെ സർവീസ് വോട്ടുകളിൽ ബി.ജെ.പിക്ക് മുൻതൂക്കം കിട്ടിയതെങ്ങനെയെന്ന് സി.പി.എം മേഖലാ റിപ്പോർട്ടിംഗിൽ നേതൃത്വത്തിന്റെ ചോദ്യം.

സർവീസ് സംഘടനാരംഗത്ത് അത്ര ശക്തിയില്ലാത്ത ബി.ജെ.പിക്ക് തിരുവനന്തപുരത്ത് ഇത്തരത്തിൽ മുന്നേറാനായത് അദ്ഭുതകരമാണെന്നും, ഇത് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും ഇന്നലെ തിരഞ്ഞെടുപ്പ് വിശകലനവുമായി ബന്ധപ്പെട്ട തെക്കൻ മേഖലാ റിപ്പോർട്ടിംഗിൽ നേതൃത്വം ചൂണ്ടിക്കാട്ടി. ആറ്റിങ്ങലിൽ പാർട്ടിക്കുണ്ടായ വോട്ട് ചോർച്ച ഭയാനകമാണ്. സംസ്ഥാനത്താകെ, പാർട്ടി പ്രതീക്ഷിച്ച കണക്കിൽ പറഞ്ഞതിനെക്കാൾ 17 ലക്ഷം വോട്ടുകളുടെ കുറവാണ് സംഭവിച്ചത്. പാർട്ടിയുടെ കണക്കുകൾ തീർത്തും പാളി. ജനവികാരം മനസിലാക്കുന്നതിൽ തീർത്തും പരാജയപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കേന്ദ്രകമ്മിറ്റി തീരുമാനം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും സംസ്ഥാന കമ്മിറ്റി തീരുമാനം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് റിപ്പോർട്ട് ചെയ്തത്. തെക്കൻ ജില്ലകളിൽ നിന്നുള്ള പാർട്ടി ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവരാണ് പങ്കെടുത്തത്. സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിന്റെ സംക്ഷിപ്തമാണ് അവതരിപ്പിച്ചത്. വിശദമായ റിപ്പോർട്ട് കീഴ്ഘടകങ്ങൾക്ക് കത്തായി നൽകും.

അക്രമരാഷ്ട്രീയം ആരോപിച്ച് എതിരാളികൾ നടത്തിയ പ്രചാരണവും ശബരിമല വിഷയത്തിലെ യഥാർത്ഥ പ്രശ്നം വോട്ടർമാരെ ബോദ്ധ്യപ്പെടുത്തുന്നതിൽ വന്ന വീഴ്ചയും തിരഞ്ഞെടുപ്പ് ഫലത്തിൽ സ്വാധീനിച്ചിട്ടുണ്ട്. 20 മണ്ഡലങ്ങളിലും 2014നെക്കാൾ വോട്ട് കുറഞ്ഞു. ആലപ്പുഴയിൽ ജയിച്ചെങ്കിലും വോട്ട്നിലയിൽ കുറവാണുണ്ടായത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ലുണ്ടായ തോൽവിക്ക് സമാനമാണ് ഇത്തവണത്തെ തോൽവി. ശബരിമല വിഷയത്തിൽ ഹൈന്ദവ ഏകീകരണത്തിനുള്ള വർഗീയനീക്കമാണ് ബി.ജെ.പി നടത്തിയത്. എന്നാൽ നവോത്ഥാന മൂല്യസംരക്ഷണസമിതി രൂപീകരിക്കുക വഴി അതിന് തടയിടാനായി. വനിതാമതിലിന് ശേഷം രണ്ട് യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെ എതിരാളികൾ ഉപയോഗപ്പെടുത്തിയതും പാർട്ടി അനുഭാവികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലുണ്ട്.

ജൂലായ് 22 മുതൽ 28 വരെയുള്ള ഒരാഴ്ചക്കാലം സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി അംഗങ്ങളും എം.പിമാരും എം.എൽ.എമാരും തദ്ദേശ ഭരണജനപ്രതിനിധികളുമുൾപ്പെടെ വീടുകൾ സന്ദർശിച്ച് നിലപാടുകൾ വിശദീകരിക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യും. ആഗസ്റ്റിൽ ലോക്കലടിസ്ഥാനത്തിൽ പാർട്ടി കുടുംബ യോഗങ്ങൾ വിളിച്ച് അകൽച്ച മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നും റിപ്പോർട്ടിംഗിൽ പറഞ്ഞു.