നെടുമങ്ങാട് : കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച മദ്ധ്യവയസ്‌കന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ച് മൃതദേഹം ഡിപ്പോ പടിക്കൽ വച്ച് നാട്ടുകാരുടെ പ്രതിഷേധം. അര മണിക്കൂറോളം ബസ് സർവീസ് നിലച്ചു. യാത്രക്കാരുൾപ്പടെ നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പച്ചക്കറി കടയിൽ നിന്ന് സാധനം വാങ്ങാൻ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന പേരയം സ്വദേശി ചന്ദ്രനാണ് കഴിഞ്ഞ ദിവസം ബസിടിച്ച് മരിച്ചത്. ചന്ദ്രന്റെ മകൻ ആരോമൽ (12) സാരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വിവാദമായിട്ടും കെ.എസ്.ആർ.ടി.സി അധികൃതർ തിരിഞ്ഞു നോക്കാത്തതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. പേരയം ജംഗ്‌ഷനിൽ ബാർബർ ഷോപ്പ് നടത്തി ഉപജീവനം നടത്തിപ്പോരുന്ന ചന്ദ്രന്റെ കുടുംബം വീട് പണിയുമായി ബന്ധപ്പെട്ട് കടക്കെണിയിലാണ്. ഇക്കാര്യങ്ങൾ ഡി.കെ. മുരളി എം.എൽ.എയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനെ ധരിപ്പിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, മുൻ വാർഡ് മെമ്പർ പേരയം ജയൻ, ബൈജു ചെല്ലഞ്ചി എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വിലാപയാത്രയായി നെടുമങ്ങാട് ട്രാൻ. ഡിപ്പോയുടെ പ്രവേശന കവാടത്തിൽ എത്തിക്കുകയായിരുന്നു. ആംബുലൻസിൽ നിന്ന് പുറത്തെടുത്ത മൃതദേഹം അരമണിക്കൂർ നിലത്ത് കിടത്തി പ്രതിഷേധിച്ച ശേഷം വൈകിട്ട് അഞ്ചരയോടെ പേരയത്ത് വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. സംഭവത്തിൽ നാട്ടുകാരുടെ രോഷം ചീഫ് ഓഫീസ് അധികൃതരെ ധരിപ്പിച്ചതായി നെടുമങ്ങാട് ഡി.ടി.ഒ അറിയിച്ചു.