തിരുവനന്തപുരം: പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തിൽ പ്രധാനക്ഷേത്രത്തിന്റെ നവീകരണം പൂർത്തിയായി. ബാലാലയത്തിൽ നിന്നുള്ള പുനഃപ്രതിഷ്ഠ, മഹാകുംഭാഭിഷേകം എന്നിവ 11ന് നടക്കും. ഇതിന് മുന്നോടിയായ താന്ത്രികചടങ്ങുകൾ ക്ഷേത്രതന്ത്രി ദേവനാരായണൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്നലെ രാത്രി ഏഴോടെ ക്ഷേത്രത്തിന്റെ മുൻവശത്ത് ആരംഭിച്ചു. ഗണപതിപൂജ, ആചാര്യവരണം, പ്രാസാദശുദ്ധി ക്രിയകൾ, പ്രാസാദ പരിഗ്രഹം, അസ്ത്രകലശപൂശ, രഘോഘ്നഹോമം, വാസ്തുഹോമം, കലശം, മുളയിടൽ, വാസ്തുബലി, വാസ്തുപുണ്യാഹം, അത്താഴപൂജ എന്നിവ നടന്നു. ക്ഷേത്രത്തിനു മുകളിൽ താഴികക്കുടങ്ങൾ സ്ഥാപിച്ചു. ഇന്നു മുതൽ 15 വരെ രാവിലെയും വൈകിട്ടും മുളപൂജ, കലശം, വിവിധ ഹോമങ്ങൾ എന്നിവ ഉണ്ടായിരിക്കും. 11ന് രാവിലെ 11ന് ഗണപതിയുടെയും ദുർഗാദേവി, വേട്ടയ്‌ക്കൊരു മകൻ എന്നീ ഉപദേവതകളുടെയും അഷ്ടബന്ധം ചാർത്തിയ പ്രതിഷ്ഠ നടക്കും. തുടർന്ന് പുതുക്കി നിർമ്മിച്ച ക്ഷേത്രങ്ങൾക്ക് കുംഭാഭിഷേകം നടത്തും. 16ന് രാവിലെ 8 മുതൽ 1008 നാളികേരത്തിൽ നടത്തുന്ന വലിയ ഗണപതിഹോമത്തോടെ ചടങ്ങുകൾ അവസാനിക്കും.

തലസ്ഥാനത്തെ നിരവധി ഭക്തരുടെ അഭയകേന്ദ്രമായ പഴവങ്ങാടി ഗണപതിക്ഷേത്രം ദേവപ്രശ്‌നവിധിയെതുടർന്നാണ് പുതുക്കി നിർമ്മിച്ചത്. മഴക്കാലത്ത് ക്ഷേത്രത്തിനുള്ളിലെ വെള്ളക്കെട്ട് സഹസ്രകലശത്തിന് തടസമുണ്ടാക്കുന്നതായും ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുന്നതായും പരാതിയുണ്ടായിരുന്നു. പൂജയ്ക്കും മറ്റ് ചടങ്ങുകൾക്കും തടസമുണ്ടാകാത്ത വിധത്തിൽ നിലവിലെ നിരപ്പിൽ നിന്നും ഉയർത്തിക്കൊണ്ട് കഴിഞ്ഞ മേയിലാണ് നിർമാണം ആരംഭിച്ചത്. ക്ഷേത്രത്തിന് പുറത്ത് റോഡിലും ഉള്ളിലെ ഗോപുരത്തിന് കീഴിലും നിൽക്കുന്ന ഭക്തർക്ക് വിഗ്രഹദർശനം സാദ്ധ്യമാകുന്ന തരത്തിലാണ് പുതിയ നിർമാണഘടന. പുതിയ ഗോപുരത്തിന്റെ നിർമ്മാണം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകും. തിരുവിതാംകൂർ ഭരണകാലത്ത് നായർബ്രിഗേഡിന്റെ കീഴിലായിരുന്ന ക്ഷേത്രം ഇപ്പോൾ ഇന്ത്യൻ ആർമിയുടെ മദ്രാസ് റെജിമെന്റിന്റെ ഭരണത്തിലാണ്.