ശ്രീകാര്യം: ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഡി.വൈ.എഫ്.ഐ കരിയം യൂണിറ്റ് സെക്രട്ടറി വിനേഷിനെ (27) അകാരണമായി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്നാരോപിച്ചായിരുന്നു സംഘർഷം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിനേഷിനെ ശ്രീകാര്യം ജഗ്ഷനിൽ വച്ച് ട്രാഫിക് നിര തെറ്റിച്ചു എന്നാരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന എസ്.ഐ.സജികുമാറും എ.എസ്.ഐയും ചേർന്ന് വിനേഷിനെ മർദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് സ്റ്റേഷനിൽ കൊണ്ട് പോവുകയായിരുന്നു. ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശ്രീകാര്യം സ്റ്റേഷനിലെത്തി. പൊലീസ് മർദ്ദിച്ചു എന്ന ആരോപണത്തെ തുടർന്ന് വിനേഷിനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ട് പോകാൻ ജീപ്പിൽ കയറ്റിയപ്പോൾ പുറത്ത് തടിച്ചുകൂടിയ പ്രവർത്തകർ തടഞ്ഞു. ഇതേ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും പിടിവലിയുമുണ്ടായി. ആരോപണ വിധേയനായ എസ്.ഐ തന്നെ വൈദ്യ പരിശോധനയ്ക്ക് കൊണ്ട് പോകാൻ ശ്രമിച്ചതാണ് പ്രവർത്തകരെ പ്രകോപ്പിച്ചത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാർ സ്റ്റേഷനിലെത്തി പ്രവർത്തകരുമായി ചർച്ച നടത്തിയതിനെ തുടർന്ന് സി.ഐ. അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ വിനേഷിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി സ്റ്റേഷൻ ജ്യാമത്തിൽ വിട്ടയച്ചു. തുടർന്ന് വിനേഷ് ആശുപത്രിയിൽ ചികിത്സ തേടി. വിനേഷിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന് കാട്ടി ഡി.വൈ.എഫ്.ഐ പ്രവർത്തകർ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷ്ണർ അനിൽകുമാറിന് പരാതി നൽകി. ചാർജെടുത്ത് ഒരു മാസത്തിനുള്ളിൽ എസ്.ഐ.സജികുമാറിനെതിരെയുള്ള മൂന്നാമത്തെ പരാതിയാണിത്. പരാതി പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് കഴക്കൂട്ടം സൈബൈർ സിറ്റി അസിസ്റ്റന്റ് കമ്മിഷ്ണർ പറഞ്ഞു.