kanja

തിരുവനന്തപുരം: തടവുകാർ മൊബൈൽ ഫോൺ, ക‌ഞ്ചാവ് എന്നിവ ഉപയോഗിക്കുന്നത് തടയാൻ കർശനമായ പരിശോധനകൾ സംസ്ഥാനത്തെ ജയിലുകളിൽ നടക്കുമ്പോഴും അധികാരികളുടെ മൂക്കിന് താഴെ പൂജപ്പുര സെൻട്രൽ ജയിലിനോട് ചേർന്ന ജില്ലാ ജയിലിൽ കഞ്ചാവിന്റെ പൊടിപൂരം. സെല്ലുകളോട് ചേർന്ന ബാത്ത് റൂമിൽ തടവുകാർ കൂട്ടമായി ചേർന്ന് കഞ്ചാവ് വലിക്കുന്നുണ്ടെന്നാണ് ആക്ഷേപം. കഞ്ചാവ് കടലാസിനുള്ളിൽ ചുരുട്ടിവച്ചാണ് വലിക്കുന്നത്.

ചില ജയിൽ വാർഡൻമാരുടെ ഒത്താശയോടെയാണ് ജയിലിൽ കഞ്ചാവ് വിതരണം നടക്കുന്നതെന്നാണ് ആക്ഷേപം. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഇത്തരം കാര്യങ്ങൾ കണ്ടെത്തി പിടികൂടാൻ കർശന നിർദേശം നൽകിയിട്ടും ഇപ്പോഴും കഞ്ചാവ് വലി തുടരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ചില വാർ‌ഡ‌ൻമാർ, ജയിലിലെ മെസ് കൈകാര്യം ചെയ്യുന്നവർ, കഞ്ചാവ് കേസുകളിൽ ജയിലിൽ കഴിയുന്നവർ എന്നിവരുടെ സഹായത്താലാണ് കഞ്ചാവ് എത്തുന്നതെന്നാണ് സംശയം. വൈകിട്ട് സെല്ലുകൾ ലോക്ക് ചെയ്യുമ്പോഴും തടവുകാർക്ക് കഞ്ചാവ് കിട്ടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ജയിലുകളിൽ കഞ്ചാവ് എത്തുന്നത് തടയാൻ സോപ്പ് , പേസ്റ്ര് എന്നിവ തടവുകാർക്ക് കൊണ്ടുവരുന്നത് വിലക്കിയെങ്കിലും തടവുകാർക്കായി കഞ്ചാവ് നിർബാധം എത്തുന്നതായാണ് വിവരം.