ഭൂമിയിൽ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രതയേറിയ ശബ്‌ദം ഏതാണ് ? ഇതിനുത്തരം അറിയണമെങ്കിൽ ദശാബ്‌ദങ്ങൾ പിന്നിലേക്ക് പോകണം. 1883 ഓഗസ്റ്റ് 26. ഇന്തോനേഷ്യയിലെ സുമാത്ര, ജാവ ദീപുകൾക്കിടയിലെ ക്രാക്കത്തോവ ദ്വീപ് തകർന്നു. ലോകം കണ്ടതിൽ വച്ച് ഏറ്റവും ഭീകരനായ 'ക്രാക്കത്തോവ ' എന്ന അഗ്നിപർവതം സർവനാശം വിതച്ചു കൊണ്ട് പൊട്ടിത്തെറിച്ചു. ലോകത്ത് ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രതയേറിയ ശബ്‌ദമായിരുന്നു അത്. മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ അഗ്നി പർവത സ്‌ഫോടനം. തൊട്ടു പിന്നാലെ 100 അടി ഉയരത്തിൽ കൂറ്റൻ തിരമാലകളുമായി അതിഘോരമായ സുനാമിയും. അഗ്നിപർവത സ്‌ഫോടനത്തിലും സുനാമിയിലുമായി 36,000ത്തോളം പേർക്ക് ജീവൻ നഷ്‌ടമായി.
ഓസ്ട്രേലിയ, മൗറീഷ്യസ് തുടങ്ങി 5000 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾപോലും സ്‌ഫോടന ശബ്‌ദം കേട്ടത്രെ. 4,800 മൈൽ അകലെയുള്ള കിഴക്കൻ ആഫ്രിക്കൻ ദ്വീപായ റോഡ്രിഗ്വേസ് ദ്വീപിലും ക്രാക്കത്തോവയുടെ അലറൽ എത്തി. അണുബോംബിനെക്കാൾ പതിനായിരം മടങ്ങ് ശക്തമായിരുന്നു സ്‌ഫോടനം. പരമാവധി 130 ഡെസിബൽ ശബ്‌ദമാണ് മനുഷ്യന് താങ്ങാൻ കഴിയുന്നത്. എന്നാൽ ക്രാക്കത്തോവയിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള ദ്വീപ് നിവാസികൾ കേട്ടത് 172 ഡെസിബൽ ശബ്‌ദമായിരുന്നു. ഈ ശബ്‌ദം കേട്ട് സമീപ ദ്വീപുകളിൽ വസിച്ചിരുന്നവർക്കും നാവികർക്കും കേൾവി തകരാർ സംഭവിച്ചതായി ചരിത്രം പറയുന്നു. അന്തരീക്ഷത്തിൽ 80 കിലോമീറ്ററോളം ദൂരത്തിലാണ് സ്‌ഫോടന ശേഷം പുക ഉയർന്നു പൊങ്ങിയത്.
20 കിലോമീറ്ററോളം ദൂരത്തിൽ പാറയും ചാരവും തുപ്പി. ഈ ഭീമൻ സ്‌ഫോടനത്തിനു ശേഷം ക്രാക്കത്തോവ ഇതേവരെ സംഹാര താണ്ഡവമാടിയിട്ടില്ല. എന്നാൽ സജീവമാണ്. 1883ലെ സ്‌ഫോടനത്തിന്റെ ഫലമായി ക്രാക്കത്തോവയ്‌ക്ക് സമീപം രൂപപ്പെട്ട 'അനക് ക്രാക്കത്തോവ' എന്ന ഭീകരനാണ് ഇപ്പോൾ ഇന്തോനേഷ്യക്കാരുടെ പേടി സ്വപ്‌നം. 1928ലാണ് ക്രാക്കത്തോവയിൽ പുതിയ ഒരു അഗ്നി പർവതം രൂപപ്പെടാൻ തുടങ്ങിയത്. 'ക്രാക്കത്തോവയുടെ കുഞ്ഞ് ' എന്നാണ് അനക് ക്രാക്കത്തോവയുടെ അർത്ഥം.
കഴിഞ്ഞ ഡിസംബറിൽ ഇന്തോനേഷ്യയിൽ 300ഓളം പേരുടെ മരണത്തിനിടയാക്കിയ സുനാമിക്ക് കാരണക്കാരനായത് ഈ അനക് ക്രാക്കത്തോവയാണ്.