വർക്കല നാരായണഗുരുകുലത്തിൽ എന്തെങ്കിലും പൊതുപരിപാടികൾ നടക്കുമ്പോൾ മാത്രം വരാറുള്ള ഒരു രാഷ്ട്രീയ നേതാവ് യാദൃച്ഛികമായി സാധാരണ സമയത്ത് വരാനിടയായി. എന്റെ മുറിയിലെത്തിയപ്പോൾ അദ്ദേഹം ആദ്യം തന്നെ ചോദിച്ചു,
''ഇതെന്താണ്? ഇവിടെയെങ്ങും ആരെയും കാണുന്നില്ലല്ലോ?""
''ഞാനുണ്ടല്ലോ ഇവിടെ. ഈ ഏകാന്തതയിൽ ഇരിക്കുന്നതിൽ ഒരു ശാന്തിയില്ലേ? അതാണ് വലുത്. ഇവിടെ വരുന്ന പലരും പറയാറുണ്ട്, 'ഇവിടെ വരുമ്പോൾത്തന്നെ ഒരു ഏകാന്തതയും ശാന്തിയും അനുഭവമാകുന്നു" എന്ന്.
''സഹായത്തിന് ആരുമില്ലേ? "
''ഉണ്ട്. ഒന്നു മണിയടിച്ചാലുടൻ വരും. രാത്രിയിൽ കൂട്ടിന് ഇവിടെത്തന്നെയുണ്ടാവും.""
ആൾക്കൂട്ടത്തിന്റെ നടുവിലും ആരാധകരുടെ നടുവിലുമാണ് രാഷ്ട്രീയക്കാർ അധികസമയവും ഉണ്ടാവുക. അങ്ങനെയല്ലാത്ത സാഹചര്യത്തിൽ ഇരിക്കേണ്ടി വന്നുപോയാൽ അവരിൽ ചിലർ ഉറക്കം തൂങ്ങിപ്പോകുന്നതായിപ്പോലും കണ്ടിട്ടുണ്ട്. ജനക്കൂട്ടമോ ആരാധകരോ ചുറ്റുമില്ലാത്തപ്പോൾ അവർ അവരല്ലാതായിപ്പോകും.
ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് സന്യാസിമാർ ഇഷ്ടപ്പെടുന്ന സാഹചര്യം. ഏകാന്തതയിലേ അന്തർമുഖമായ സത്യാന്വേഷണം സാദ്ധ്യമാവൂ. ബഹുജനങ്ങളുടെ നടുവിൽ ജീവിക്കേണ്ടിവരുന്നത് ധ്യാനാത്മകമായ ജീവിതത്തിന് തടസമാകും. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് അങ്ങനെയുള്ള ചുറ്റുപാടിൽ ജീവിക്കേണ്ടി വരുന്ന സന്യാസിമാരിൽ പലരിലേയും സന്യാസം വേഷത്തിൽ മാത്രമായി ചുരുങ്ങിപ്പോകാറുപോലുമുണ്ട്!
ഏകാന്തതയും ശാന്തിയും അന്യമായിക്കൊണ്ടിരിക്കുന്നതാണ് ആധുനിക ജീവിതസാഹചര്യം. ഗ്രാമപ്രദേശങ്ങളെല്ലാം നഗരങ്ങളിലെ ജീവിതസാഹചര്യങ്ങളും യാത്രാസൗകര്യങ്ങളും ധാരാളം വാഹനങ്ങളും കൊണ്ട് നിറഞ്ഞുകഴിഞ്ഞു. അതോടെ നഷ്ടപ്പെട്ടിരിക്കുന്നത് ഗ്രാമത്തിന് സഹജമായിരുന്ന ശാന്തിയാണ് എന്ന കാര്യം ആരും ഓർക്കുന്നുമില്ല. ജീവിതത്തിൽ ശാന്തി നഷ്ടപ്പെട്ടതു കാരണം മാനസികമായ അസ്വസ്ഥത അനുഭവിക്കുന്നവരുടെ എണ്ണവും കൂടുന്നു.
ജീവിതസൗകര്യങ്ങൾ കൂടുതലുണ്ടാകുന്നതാണോ മനഃശാന്തിയാണോ ജീവിതത്തിൽ മുഖ്യം എന്നു തീരുമാനിക്കേണ്ട കാലം കഴിഞ്ഞു. അവശ്യം ആവശ്യമായ മനഃശാന്തി ഉറപ്പുവരുത്തുന്ന തരത്തിലുള്ളതായിരിക്കണം ഉണ്ടാക്കിയെടുക്കുന്ന ജീവിതസാഹചര്യം. അതായത്, ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ ആവശ്യങ്ങൾ തമ്മിൽ ഒരു ഇണക്കം ഉറപ്പുവരുത്തണം.