തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ ഒരൊറ്ര കാർഡ് എന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ബഡ്‌ജറ്ര് പ്രഖ്യാപനം യാത്രാപ്രിയരുടെ പ്രതീക്ഷ വാനോളം ഉയർത്തി. നാഷണൽ കോമൺ മൊബിലിറ്രി കാർഡ് (എൻ.സി.എം.സി) എന്ന ഈ സംവിധാനം ആദ്യം ഒരുക്കിയത് കേന്ദ്ര ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്സ് മന്ത്രാലയമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എൻ.സി.എം.സി ഉദ്ഘാടനം ചെയ്തത്.
ഈ യാത്രാകാർഡ് ഉപയോഗിച്ച് ഒരാൾക്ക് ഇന്ത്യയിലെവിടെയും ട്രെയിൻ, ബസ്, മെട്രോയിലുമൊക്കെ യാത്രചെയ്യാം. ടോൾ പിരിവിനും പാർക്കിംഗ് ഫീസ് ഒടുക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനുമൊക്കെ ഉപയോഗിക്കാം. എസ്. ബി.ഐ ഉൾപ്പെടെയുള്ള 25 ബാങ്കുകളാണ് ഈ കാർഡുകൾ ഇറക്കുന്നത്. ഒരേസമയം ഡെബിറ്ര് കാർഡായും ക്രെഡിറ്ര് കാർഡായും പ്രി-പെയ്ഡ് കാർഡായും ഇത് ഉപയോഗിക്കാം. ആട്ടോ മൊബൈൽ ഫെയർ കളക്ഷൻ ഗേറ്റായ 'സ്വാഗതും' ഓപ്പൺ ലൂപ്പ് ആട്ടോമാറ്രിക് ഫെയർ കളക്ഷൻ സിസ്റ്രമായ 'സ്വീകാറു'മാണ് എൻ.സി.എം.സിയെ പിന്തുണയ്ക്കുന്നത്.
തുടക്കത്തിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇത് ഉടൻ രാജ്യവ്യാപകമാവുമ്പോൾ ഒരു രാജ്യം ഒരു കാർഡ് എന്ന സങ്കല്പം യാഥാർത്ഥ്യമാവും. റൂ പേ സ്മാർട്ട് കാർഡിനെയാണ് ഇതിന്റെ സർവീസ് പ്രൊവൈഡർ ആയി നിയമിച്ചിട്ടുള്ളത്.
പ്രത്യേകതകൾ
ഇന്ത്യയിലെവിടെയും സഞ്ചരിച്ച് ഒരു കാർഡുപയോഗിച്ച് യാത്രാ സംബന്ധമായ സൗകര്യങ്ങൾ ഉപയോഗിക്കാം
ആട്ടോമാറ്രിക് ഫെയർ കളക്ഷൻ സമ്പ്രദായം, എളുപ്പത്തിൽ ഡിജിറ്രൽ പേയ്മെന്റ് നടത്താം
യാത്ര ചെയ്യുമ്പോൾ അധികം പണം കൊണ്ടുനടക്കണ്ട
കാർഡ് വഴി എല്ലാവിധ പേയ്മെന്റുകളും നടത്താം.