ക്ലേശങ്ങൾ കൂടാതെ കാര്യം ലഭിക്കുമോ?/ കാശഴിയാതെ കുറിക്കൂട്ട് കിട്ടുമോ?"- കുഞ്ചൻ നമ്പ്യാർ വെറുതെ ചോദിച്ചതല്ല. ബഹു. നിർമ്മലാജി സീതാരാമൻജി ഒരു ബഡ്ജറ്റ് അവതരിപ്പിച്ചാൽ ചിലരൊക്കെ വേണ്ടാതീനങ്ങൾ പറഞ്ഞുനടക്കുമല്ലോ എന്ന് മനസിലാക്കി വളരെ കാലേകൂട്ടി നമ്പ്യാർ എഴുതിവച്ചതാണ്.
ദ്റോണർക്കും ചോദിക്കാനുള്ളത് അതുതന്നെയാണ്. ഈസ് ഒഫ് ലിവിംഗ് എന്നതാണ് ബഹു. നിർമ്മലാജി സീതാരാമൻജിയുടെ ജീവിതസ്വപ്നം. അതുകൊണ്ടാണ് ബ്രിട്ടീഷുകാരുടെ പഴഞ്ചൻ പെട്ടി പോലും വേണ്ടെന്ന് വച്ച് ചുവന്ന പട്ടിൽ പൊതിഞ്ഞെടുത്ത സാധനം വായിച്ചു കേൾപ്പിച്ചത്. അല്ലായിരുന്നുവെങ്കിൽ തോമസ് ഐസക് സഖാവിന്റെ മട്ടിൽ പെട്ടിയും ചുമന്ന് വരുമായിരുന്നു. ബഡ്ജറ്റ് കണ്ടുപിടിച്ചതേ ഐസക് സഖാവാണെന്ന് സഖാവ് തന്നെ ധരിച്ചുവശായത് കൊണ്ട് സഖാവിനെപ്പറ്റി കൂടുതലെന്തെങ്കിലും പറയാൻ ദ്റോണർ അശക്തനാണ്.
ബഹു. നിർമ്മലാജി സീതാരാമൻജി പട്ടിൽ പൊതിഞ്ഞ് കൊണ്ടുവന്നത് പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമൊന്നുമല്ല. ചുവന്ന പട്ടിലാവുമ്പോൾ കേരളത്തിലെ പിണറായി സഖാവ് തൊട്ട് സ്വരാജ് സഖാവ് വരെ സന്തോഷിക്കുമെന്ന് കരുതിപ്പോയി. അവരുടെയും സന്തോഷമാണ് ബഹു.ജിയുടെ സന്തോഷം. അവർ സന്തോഷിക്കാത്തതെന്തെന്ന് ചോദിച്ചാൽ അത് ബഹു.ജിക്ക് മനസിലാവാത്ത കാര്യമാണ്. ഈസ് ഒഫ് ലിവിംഗ് ആണ് ബഹു.ജിയുടെ ജീവിതാഭിലാഷം എന്ന് നേരത്തേ പറഞ്ഞതാണല്ലോ. അതായത്, ജീവിതമെങ്ങനെ ആയാസരഹിതമാക്കാം? കൈ നനയാതെ മീൻപിടിക്കാനാവില്ല. അല്പസ്വല്പം ആയാസപ്പെടേണ്ടിയൊക്കെ വന്നെങ്കിലേ ജീവിതം ആയാസരഹിതവും സുന്ദരസുരഭിലവുമാവുകയുള്ളൂ എന്ന് ആർക്കാണറിയാത്തത്!
ഈസ് ഒഫ് ലിവിംഗ് എന്നുപറയുന്നത് ഒരു മാതിരി പിണറായി - ഐസക് സഖാക്കളുടെ ഈസ് ഒഫ് ഡുയിംഗ് ബിസിനസ് ഏർപ്പാട് പോലെയാണ്. ആന്തൂർ മോഡലിൽ ബിസിനസ് ആയാസരഹിതമാക്കിക്കൊടുക്കുന്നത് പോലെയാണ് ജീവിതവും ആയാസരഹിതമാക്കിക്കൊടുക്കുന്നത്. അതുകൊണ്ട് മാത്രമാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പാടാക്കിക്കൊടുത്തത്. ജീവിതച്ചെലവ് ഒട്ടൊന്ന് കൂടിയെന്ന് വരും. ചിലപ്പോൾ കുത്തുപാളയെടുത്തെന്നുമിരിക്കും. നേരത്തേ പറഞ്ഞത് പോലെ കൈ നനയാതെ പറ്റില്ലല്ലോ. കുത്തുപാളയെടുത്താലെന്ത്! ബഹു.ജിയുടെ സെസ്സ് ഏർപ്പാടിനൊപ്പം ഐസക് സഖാവിന്റെ പ്രളയസെസ് കൂടി വൈകാതെ വരുന്നതോടെ കളിയിക്കാവിള മുതൽ മഞ്ചേശ്വരം വരെയുള്ള കോരന്മാർക്ക് ജീവിതം ബഹുകേമവും ആയാസരഹിതവുമാകുമെന്നതിൽ രണ്ട് പക്ഷം ആർക്കുമുണ്ടാവില്ല. അതുതന്നെയാണ് ബഹു നിർമ്മലാജി സീതാരാമൻജിയുടെയും സ്വപ്നമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
പെട്രോളിനും ഡീസലിനും വില കുറയുകയെന്നൊരു ഏർപ്പാട് തന്നെ ഈ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കണമെന്ന ഉൽക്കടമായ വാഞ്ഛ ന.മോ.ജിക്ക് പണ്ടേ ഉണ്ടായിരുന്നു. വിലയില്ലാത്ത പെട്രോളിനെയും ഡീസലിനെയും എന്തിന് കൊള്ളാം! ആളു വില, കല്ലുവില ആയിരിക്കണമെന്നതിൽ ന.മോ.ജിക്കും അമിത് ഷാജിക്കും അല്ലെങ്കിലും പണ്ടേ ശാഠ്യമുള്ളതാണ്. ന.മോ.ജി ആളൊരു കരിങ്കല്ലാണ്. അമ്പത്താറിഞ്ച് നെഞ്ചളവാണ്. നഞ്ചെന്തിന് നാനാഴിയെന്നതാണ് അമിത് ഷാജിയുടെ ഭാവം. അതുതന്നെയാവണം പെട്രോളായാലും ഡീസലായാലും എന്ത് കുന്തമായാലും. അതുകൊണ്ടാണ് ന.മോ.ജിയുടെ ഒന്നാം ഭരണകാലം 2014ൽ തുടങ്ങിയപ്പോൾ തന്നെ എണ്ണവില നിയന്ത്രണത്തിന്റെ അധികാരം നമുക്ക് വേണ്ട, കമ്പനികളേ നിങ്ങളെടുത്തോ എന്ന് ന.മോ.ജി വിളംബരം ചെയ്തത്. അംബാനി മുതലാളി അതുകേട്ട് ബഹുത് അച്ഛാ, ബലേ ഭേഷ്! എന്നൊക്കെ വിളിച്ചുപറഞ്ഞതായിരുന്നു. ന.മോ.ജി പക്ഷേ അതൊന്നും ഗൗനിക്കുന്ന പ്രകൃതക്കാരനല്ല. പരോപകാരമേ പുണ്യം എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളായതിനാലാണ് ന.മോ.ജി ഒരു ചെവി കൊണ്ട് കേട്ടിട്ട് മറ്റേ ചെവി വഴി പുറത്തേക്ക് വിട്ടത്. അസംസ്കൃത എണ്ണയ്ക്ക് വില കുറയുമ്പോൾ നികുതി കൂട്ടിയാണ് ന.മോ.ജി ആൻഡ് കോ. കുറേക്കാലമായി പിടിച്ചുനിൽക്കുന്നത്. വില കൂടുമ്പോൾ നികുതി കുറയ്ക്കാറില്ല. പെട്രോൾവില കല്ലുവില ആക്കിനിറുത്താൻ ചില്ലറ പാടല്ല. സെസ്സ് കൂടി ഏർപ്പാടാക്കാൻ തുനിഞ്ഞത് അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്!
നാരീ, തൂ നാരായണി എന്നാണ് ബഹു.നിർമ്മലാ ജിക്ക് നാരിമാരോട് പറയാനുള്ളത്. നാരായണിമാർക്ക് കേരളത്തിൽ വലിയ വിലയൊന്നുമില്ലെന്ന് ബഹു.നിർമ്മലാജി തിരിച്ചറിയുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ കുടുംബശ്രീ നാരായണിമാർ ചെന്ന് കല്ല് ചുമക്കുന്നതും പുല്ലു പറിക്കുന്നതുമൊന്നും ബഹു. നിർമ്മലാജിക്ക് സഹിക്കാറില്ല. അതുകൊണ്ട് മാത്രമാണ് തൊഴിലുറപ്പ് പദ്ധതിക്ക് തുക വെട്ടിക്കുറച്ചത്. കേരളത്തിലെ ബഹു. നാരായണിമാരുടെ ജീവിതം കൂടി ആയാസരഹിതമാകണമല്ലോ.
കർഷകന് ആറായിരം രൂപ വെറുതെയിട്ട് കൊടുക്കുമെന്നും അഞ്ച് ലക്ഷം വരെ ആദായനികുതി ഇളവ് കൊടുക്കുമെന്നും വോട്ട്കുത്തലിന് തൊട്ടുമുമ്പ് ബഹു. പീയൂഷ്ജി ഗോയൽജിയെക്കൊണ്ട് ന.മോ.ജി പറയിപ്പിച്ചത് മറ്റൊന്നും കൊണ്ടായിരുന്നില്ല. അന്ന വിചാരം മുന്നവിചാരം എന്നല്ലേ പ്രമാണം! അതുകൊണ്ടൊന്നും തോന്നരുത്. ഉടനെയൊന്നും ആരും വോട്ട് കുത്താൻ മെനക്കെടേണ്ടതില്ലാത്തത് കൊണ്ട് മാത്രം നമുക്ക് ഗാവ്, ഗരീബ്, കിസാൻ എന്നും പറഞ്ഞിരിക്കാം. നമസ്തെ ജി!
ഇ-മെയിൽ: dronar.keralakaumudi@gmail.com .