electricity-power-grid
electricity power grid

തിരുവനന്തപുരം: 'ഒരു രാജ്യം ഒരു പവർഗ്രിഡ്' എന്ന കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം പൂർണാർത്ഥത്തിൽ നടപ്പിലായാൽ രാജ്യത്താകെ വൈദ്യുതിക്ക് ഒരേ വില എന്ന രീതി നിലവിൽ വരും. എന്നാൽ ഇതിന്റെ പേരിൽ ഇവിടെ വിലക്കുറവ് സംഭവിക്കില്ലെന്ന് കെ.എസ്.ഇ.ബി. അതേസമയം ഇൗ സമ്പ്രദായം വൈദ്യുതി വിലയിൽ കുറവു വരുത്തുമെന്നാണ് വ്യവസായ സംരംഭകരുടെ കണക്കുകൂട്ടൽ. കൂടുതൽ വൈദ്യുതി ലഭിച്ചാലും ഇപ്പോഴുള്ള കോടികളുടെ നഷ്ടം നികത്തേണ്ടതുള്ളതിനാൽ വില കുറയില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതർ നൽകുന്ന വിശദീകരണം.

ഒറ്റ പവർഗ്രിഡ് വന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി തടസമില്ലാതെ ലഭ്യമാകുമെന്നതാണ് പെട്ടെന്നുണ്ടാകുന്ന നേട്ടം. അങ്ങനെയായാൽ പ്രതിദിനം മൂവായിരം മെഗാവാട്ടിന്റെ വൈദ്യുതി സംസ്ഥാനത്ത് എത്തിച്ചേരും. ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്നു രണ്ടായിരം മെഗാവാട്ടും തമിഴ്നാട്ടിലെ കൂടംകുളത്തു നിന്നു ആയിരം മെഗാവാട്ടും വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കും.

2012ലാണ് ഒറ്റ ഗ്രിഡ് എന്ന ആശയം കേന്ദ്ര ഊർജവകുപ്പ് അവതരിപ്പിക്കുന്നത്. 2014ലാണ് പണം അനുവദിച്ചത്. നടപ്പാക്കാനാവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാൻ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്.

 വ്യവസായികൾക്ക് സ്വന്തമായി വാങ്ങാം

ഒറ്റ പവർഗ്രിഡ് വന്നാൽ പുറമെ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സംസ്ഥാനത്തെ വ്യവസായികൾക്ക് കൂടുതൽ അവസരമൊരുങ്ങുമെന്നാണ് അവരുടെ പ്രതീക്ഷ. ഒരു യൂണിറ്റ് വൈദ്യുതിക്ക് മൂന്നു മുതൽ 3.50 രൂപ വരെയാണ് പവർ എക്സ്ചേഞ്ചിലെ വില. ഒറ്റ ഗ്രിഡ് യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ വാങ്ങുന്നതിനും വില കുറയുന്നതിനും വഴി തെളിയുമെന്ന് വൻകിട വ്യവസായ ഉപഭോക്താക്കളുടെ അസോസിയേഷൻ പ്രസിഡന്റ് സതീഷ്‌ രാഘവൻ പറഞ്ഞു. ഇതേ വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങി മറിച്ചു വിൽക്കുന്നത് ആറു രൂപയ്ക്കാണ്.

 പ്രതിദിനം സംസ്ഥാനത്തിന് വേണ്ട വൈദ്യുതി 3800- 4300 മെഗാവാട്ട്

 ജലവൈദ്യുത പദ്ധതികളിൽ നിന്നു പരമാവധി ലഭിക്കുന്നത് 1500 മെഗാവാട്ട്

 ബാക്കി പുറത്തു നിന്നു വാങ്ങുന്നു

 വാങ്ങുന്നതിൽ പ്രസരണ നഷ്ടം സംഭവിക്കുന്നത് 450 മെഗാവാട്ട്

''വില കുറയില്ല. കൂടുതൽ വൈദ്യുതി ലഭ്യമാകുമ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ സാധിക്കും''- ബി. പ്രദീപ്, ചീഫ് എൻജിനിയർ കൊമേഴ്സ്യൽ ആൻഡ് പ്ളാനിംഗ്, കെ.എസ്.ഇ.ബി