തിരുവനന്തപുരം: ഓൺലൈനിൽ നിന്ന് ടൂൾകിറ്റുകൾ തിരഞ്ഞെടുത്ത് വാങ്ങും. അതുപയോഗിച്ച് കണ്ണുവച്ച ബുള്ളറ്റുകൾ പൊക്കും. പിന്നെ ഒരു പറപ്പിക്കലാണ്. പിന്നീട് മഷിയിട്ട് നോക്കിയാൽപോലും കിട്ടിയെന്ന് വരില്ല. തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് പിന്നീട് പിടിക്കപ്പെട്ട കാട്ടാക്കട കണ്ടല പേരൂർക്കോണം കൊറ്റമ്പള്ളി തുഷാരത്തിൽ സെബിൻ സ്റ്രാലിന്റെ (28) ലീലാവിലാസങ്ങൾ കേട്ട് പൊലീസും അമ്പരന്നു. തലസ്ഥാന നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒരു ഡസനോളം ബുള്ളറ്റ് മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.
ഇരുചക്രവാഹനങ്ങളിലെ രാജാവെന്ന് വിശേഷിപ്പിക്കാവുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റുകളാണ് വീക്ക്നസ്. ബുള്ളറ്റ് എവിടെ കണ്ടാലും അപ്പോൾതന്നെ പൊക്കും. വണ്ടി കൈയിൽ കിട്ടിയാൽ നമ്പരോ പെയിന്റോ മാറ്റാനൊന്നും കൂട്ടാക്കില്ല. മതിയാവോളം ഓടിക്കും. മടുക്കുമ്പോൾ വിൽപ്പനയ്ക്കായി ഒ.എൽ.എക്സിൽ പരസ്യം നൽകും. പരസ്യം കണ്ട് എത്തുന്നവരിൽ നിന്ന് അഡ്വാൻസ് വാങ്ങി വണ്ടി കൈമാറും. ബാക്കി പണം ആർ.സി രേഖകൾ പേരിലേക്ക് മാറ്റി തരുമ്പോൾ നൽകിയാൽ മതിയെന്ന് പറയും. പിന്നീട് സെബിന്റെ പൊടിപോലും കണ്ടുപിടിക്കാനാവില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി തൈയ്ക്കാട് ആശുപത്രി പരിസരത്ത് നിന്ന് ബുള്ളറ്റുകൾ മോഷ്ടിച്ച കേസിലാണ് സെബിനെ ഷാഡോ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ബുള്ളറ്രിൽ സെബിൻ സഞ്ചരിക്കുന്ന സിസി ടിവി കാമറ ദൃശ്യം പൊലീസിന് ലഭിച്ചതാണ് ആളെ തിരിച്ചറിയാനും പിടികൂടാനും സഹായകമായത്. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബത്തിലംഗമാണ് സെബിൻ. ബിരുദ പഠനത്തിനുശേഷം എം.ബി.എയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സെബിന് ബുള്ളറ്റ് ബൈക്കുകളോടുള്ള ഹരമാണ് മോഷണത്തിന് പിന്നിൽ. വീട്ടുകാർ ബുള്ളറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞെങ്കിലും വാഹനം മോഷ്ടിച്ച് സഞ്ചരിക്കാനാണ് കമ്പം. മെഡിക്കൽ കോളേജിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ ജയിലിലായിരുന്ന സെബിൻ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഓൺലൈൻ സൈറ്റിൽ നിന്ന് വാങ്ങിയ മൊബൈൽ വലിപ്പത്തിലുള്ള ചെറിയ ടൂൾകിറ്റിലെ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഹാൻഡിൽ ലോക്ക് പൊട്ടിച്ച് ബുള്ളറ്റ് അപഹരിക്കുന്നത്.
ചാടി ബുള്ളറ്റ് പൊക്കി
തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടി രക്ഷപ്പെട്ട സെബിനെ അന്വേഷിച്ച് നാഗർകോവിലിലെ സഹോദരിയുടെ വീട്ടിലെത്തിയ പൊലീസ് അവിടെ കേരള രജിസ്ട്രേഷനുള്ള ഒരു സ്കൂട്ടർ പൊടിപിടിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കടയിലെ വിലാസത്തിലുള്ള സ്കൂട്ടറിനെപ്പറ്റി ചോദിച്ചപ്പോൾ സെബിൻ വർഷങ്ങൾക്ക് മുമ്പ് ഇവിടെ കൊണ്ടുവന്നതാണെന്ന് അവർ മൊഴി നൽകി. പേരൂർക്കട പൊലീസിനെ ബന്ധപ്പെട്ടപ്പോഴാണ് ഇത് മോഷ്ടിച്ചതാണെന്ന്
വ്യക്തമായത്. സ്കൂട്ടർ നാഗർകോവിൽ പൊലീസിനെ ഏൽപ്പിച്ച് അന്വേഷണ സംഘം മടങ്ങി. തമ്പാനൂർ സ്റ്റേഷനിൽ നിന്ന് ചാടി പാളയത്തെത്തിയ സെബിൻ വഴിയാത്രക്കാരന്റെ ഫോണിൽ നിന്ന് അമ്മയെ വിളിച്ച് പണം ചോദിച്ചിരുന്നു. പണമില്ലെന്ന മറുപടിയിൽ തൃപ്തനാകാതെ റോഡിലൂടെ മൂന്ന് കി.മീറ്ററോളം അലഞ്ഞ് നടന്ന് ഇടപ്പഴഞ്ഞിയിൽ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന ആൽത്തറ സി.എൻ.എസ് നഗറിലെ വീട്ടിലെത്തി. ആളൊഴിഞ്ഞ വീടിന്റെ മതിൽ ചാടി നേരം പുലരും വരെ അവിടെ കഴിഞ്ഞു. പഴയ ഷേവിംഗ് സെറ്റുപയോഗിച്ച് മീശവടിച്ച് പെട്ടെന്ന് തിരിച്ചറിയാത്ത വിധമായി. പുലർച്ചെ മൂന്നിന് അവിടെ നിന്ന് പുറത്തിറങ്ങി സി.എൻ.എസിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച് കടക്കുമ്പോഴാണ് പൊലീസ് വലയിലായത്.