പണി തീർന്ന് രണ്ടാംവർഷം തന്നെ തകർന്ന എറണാകുളത്തെ പാലാരിവട്ടം ഫ്ളൈ ഓവർ സമ്പൂർണമായി അഴിച്ചു പണിയേണ്ടി വരുമെന്നാണ് 'മെട്രോമാൻ" ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അത്യാവശ്യമായ ചില അറ്റകുറ്റപ്പണികൾ നടത്തി പാലം തത്കാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു മരാമത്ത് വകുപ്പ്. കാലവർഷത്തിനു ശേഷം മതി വലിയതോതിലുള്ള അറ്റകുറ്റപ്പണി എന്നും തീരുമാനിച്ചിരുന്നു. എന്നാൽ ചെറിയ പണികളിലൊന്നും ഒതുങ്ങുന്നതല്ല ഫ്ളൈ ഓവറിലെ ഗുരുതരമായ പിഴവുകൾ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പതിനെട്ടരക്കോടി രൂപയും പത്തുമാസവും വേണ്ടിവരുന്ന തരത്തിൽ അതിവിപുലമായ നവീകരണമാണ് വേണ്ടിവന്നിരിക്കുന്നത്. നൂറുവർഷം ആയുസ് പ്രതീക്ഷിച്ച പാലം രണ്ടാംവർഷം തന്നെ തകർച്ച കാരണം അടച്ചിടേണ്ടി വന്നതിന് പിന്നിലെ അഴിമതിയും കെടുകാര്യസ്ഥതയും നാൾക്കുനാൾ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. പാലത്തിന്റെ 18 പിയർക്യാപ്പുകളിൽ പതിനാറിലും വിള്ളലുണ്ടായിക്കഴിഞ്ഞു. 102 ആർ.സി.സി ഗർഡറുകളിൽ തൊണ്ണൂറ്റിയേഴും വിള്ളൽ വീണ നിലയിലാണ്. സിമന്റും കമ്പിയും ആവശ്യത്തിന് ഉപയോഗിക്കാതിരുന്നതിനാലാണ് ഒരു വർഷമായപ്പോൾത്തന്നെ പാലം തകരാൻ തുടങ്ങിയത്. നിരവധി വിദഗ്ദ്ധ സംഘങ്ങളാണ് ഇതിനകം മരണാസന്നമായ പാലം പരിശോധിച്ചത്. എല്ലാ സംഘങ്ങളും ചൂണ്ടിക്കാട്ടുന്ന ന്യൂനതകൾ ഒരേ സ്വഭാവത്തിലുള്ളതാണ്. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള പരിശോധക സംഘത്തിന്റെ റിപ്പോർട്ട് കഴിഞ്ഞദിവസം സംസ്ഥാന മന്ത്രിസഭ പരിശോധിച്ചിരുന്നു. നടപടികൾക്കായി മരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തു. ഇനി ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട് ലഭിക്കാനുണ്ട്. അതുകൂടി ലഭിച്ചാലേ അന്തിമതീരുമാനം എടുക്കുകയുള്ളൂ എന്നാണ് അറിയുന്നത്. തകരാർ കണ്ടെത്തിയ സ്പാനുകളും ഗർഡറുകളും മാറ്റി പുതിയവ സ്ഥാപിക്കുന്നത് ശ്രമകരമായ പണിയാണ്. എല്ലാറ്റിനുംകൂടി പത്തുമാസം വേണ്ടിവരുമെന്ന് ഇ. ശ്രീധരൻ പറയുന്നത് അതുകൊണ്ടാണ്. രൂപകല്പനയുടെ ഘട്ടംമുതൽ പിഴവും ക്രമക്കേടും നേരിടേണ്ടി വന്ന പാലാരിവട്ടം ഫ്ളൈഓവറിലൂടെയുള്ള ഗതാഗതം നിറുത്തിവച്ചത് ഇക്കഴിഞ്ഞ മേയ് ഒന്ന് മുതലാണ്. ഏറെ തിരക്കേറിയ ഭാഗത്ത് മേൽപ്പാലം അടച്ചതോടെ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും നാട്ടുകാർ നേരിടുന്ന ദുരിതവും പറയാതിരിക്കുകയാവും ഭേദം.
പാലം പുതുക്കിപ്പണിയുന്നതിന് വേണ്ടിവരുമെന്ന് ഇപ്പോൾ കണക്കാക്കുന്ന പതിനെട്ടരക്കോടി രൂപ പൊതുഖജനാവിൽ നിന്നെടുത്തു നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പാലം പണിക്ക് പിന്നിൽ നടന്ന തീവെട്ടിക്കൊള്ളയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പാലംപണിയുടെ പ്രധാന കരാർ ഏറ്റെടുത്ത കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അടക്കം ഏതാനും പേരെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്. വിജിലൻസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽപേർ കുടുങ്ങുമെന്നാണ് കരുതുന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാംവർഷംതന്നെ പാലം അമ്പേ തകരണമെങ്കിൽ അതിനുപിന്നിൽ നടന്നിട്ടുള്ള ഗുരുതരമായ അഴിമതിയുടെ സ്വഭാവം മനസിലാകും. പുതുക്കിപ്പണിയാൻ ചെലവാകുന്ന പതിനെട്ടരക്കോടി രൂപ ആരിൽനിന്ന് ഇൗടാക്കണമെന്ന കാര്യത്തിൽ പിന്നീട് മന്ത്രിസഭ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതിൽ സംശയിച്ച് നിൽക്കേണ്ട കാര്യമൊന്നുമില്ല. ആരൊക്കെയാണോ ഇൗ കൊലച്ചതിക്ക് കൂട്ടുനിന്നത്, ഒന്നൊഴിയാതെ സകലരും അഴിയെണ്ണുന്നതിനൊപ്പം പൊതുഖജനാവിൽനിന്ന് പാലം പുതുക്കാനായി ചെലവഴിക്കേണ്ടിവരുന്ന അവസാനത്തെ പൈസവരെ ഇൗടാക്കുകയും വേണം. പൊതുമരാമത്ത് പണികളിൽ ഭാവിയിൽ ഇതുപോലുള്ള കുത്തിക്കവർച്ച ഉണ്ടാകാതിരിക്കാൻ പാലാരിവട്ടം പ്രതികൾക്ക് കഠിനശിക്ഷ ലഭിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. കമ്പനിയുടെ ആൾക്കാരും നിർമ്മാണത്തിൽ പങ്കാളികളായ സംസ്ഥാനത്തെ സ്ഥാപനങ്ങളുടെ ആൾക്കാരും മാത്രമല്ല, നിർമ്മാണം നടന്ന കാലത്ത് മരാമത്ത് വകുപ്പിന്റെ ചുമതല വഹിച്ചിരുന്നവരും ഇൗ കേസിൽ കുറ്റക്കാരാണ്. സമഗ്രമായ അന്വേഷണത്തിലൂടെ പ്രതികളെ ഒന്നൊഴിയാതെ കണ്ടെത്താൻ കഴിയണം. പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിൽ ഉണ്ടായതുപോലുള്ള ക്രമക്കേടും അഴിമതിയും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുമ്പുണ്ടായതായി ഒാർക്കാനാവുന്നില്ല. അത്രയ്ക്ക് ഭീകരമായ നിലയിലുള്ള നിർമ്മാണപ്പിഴവുകളാണ് പരിശോധക സംഘങ്ങൾ ഒരേപോലെ കണ്ടെത്തിയിരിക്കുന്നത്. പാലം പണിയുടെ മേൽനോട്ടത്തിന് ചുമതലപ്പെട്ട മരാമത്ത് ഉദ്യോഗസ്ഥന്മാർ എന്തുചെയ്യുകയായിരുന്നു എന്നും അന്വേഷിക്കണം. കമ്പനിയിൽ നിന്ന് കണക്ക് പറഞ്ഞ് കോഴ വാങ്ങി പോക്കറ്റിലിട്ടശേഷം ക്രമക്കേടുകൾക്കെല്ലാം കൂട്ടുനിന്നിരിക്കാനേ വഴിയുള്ളൂ.
റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിനും പെൻഷനും വായ്പാ പലിശയ്ക്കുമായി വകമാറ്റേണ്ടി വരുന്ന സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്കായി ലഭിക്കാറുള്ളത് നന്നേ ചെറിയ വിഹിതമാണ്. ലുബ്ധിച്ചുകിട്ടുന്ന ആ വിഹിതം കൊണ്ടു നിർമ്മിക്കുന്ന പാലങ്ങളും റോഡുകളുമൊക്കെ നിലവാരം പുലർത്തുന്നവയാകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എത്രയോ നിവേദനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷമാകും ഒരു പാലം പണി സർക്കാർ ഏറ്റെടുക്കുക. അങ്ങനെ വലിയ തുക ചെലവഴിച്ചുനിർമ്മിക്കുന്ന ഒരുപാലം രണ്ടാംവർഷംതന്നെ നിർമ്മാണപ്പിഴവുകൾ മൂലം അടയ്ക്കേണ്ട സ്ഥിതിവരുന്നത് അതീവ ഗൗരവത്തോടെതന്നെ കാണണം. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ വിചാരണ ചെയ്ത് ശിക്ഷിക്കാനാണ് നോക്കേണ്ടത്.