കല്ലമ്പലം; സ്‌കൂൾ വിദ്യാർത്ഥികളുടെയും , പെൺകുട്ടികളുടെയും പൂർണ സുരക്ഷിതത്വം ലക്ഷ്യമിട്ട് കല്ലമ്പലം പൊലീസ് നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് ഹെൽപ്പ് ഡെസ്‌ക് പദ്ധതിക്ക് തുടക്കം കുറിച്ചു. നാവായിക്കുളം ഗവ.ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ.വി. ജോയി എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഫൈസലിന്റെ അദ്ധ്യക്ഷതയിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, സ്‌കൂൾ പ്രിൻസിപ്പൽ ബാബു, വാർഡ് മെമ്പർ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. കല്ലമ്പലം എസ്.എച്ച്.ഒ അനൂപ് ആർ.ചന്ദ്രൻ പദ്ധതി വിശദീകരിച്ചു. കല്ലമ്പലം എസ്.ഐ വിനോദ് കുമാർ.വി.സി സ്വാഗതവും സ്‌കൂൾ ഹെഡ്മാസ്റ്റർ ലിജു കുമാർ നന്ദിയും പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി സ്‌കൂളുകളിൽ നടത്തിയ പൈലറ്റ് പദ്ധതി വിജയം കണ്ടതിനെ തുടർന്ന് പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതിന് വേണ്ടിയാണ് കല്ലമ്പലം പൊലീസിന്റെ ശ്രമം. ഇതിനകം തന്നെ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്‌കൂൾ പരിസരങ്ങളിലെ പൂവാല ശല്യം ഒഴിവാക്കാനും. സ്‌കൂൾ പരിസങ്ങളിലെ ലഹരി ഉത്പന്നങ്ങളുടെ വിത്പന തടയുവാനും കഴിഞ്ഞിട്ടുണ്ട്. സ്‌കൂളുകളിൽ ഒരു അദ്ധ്യാപകനും ഒരു അദ്ധ്യാപികയും കോ ഓർഡിനേറ്റർമാരായി 2 വിദ്യാർത്ഥികളും കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർ അംഗങ്ങളുമായാണ് സ്റ്റുഡന്റ്സ് ഹെൽപ്പ് ഡെസ്‌ക് പദ്ധതിയുടെ പ്രവർത്തനം. ഇതിനോട് അനുബന്ധിച്ച് കല്ലമ്പലം സ്റ്റേഷൻ കീഴിലെ ഞെക്കാട് ഗവ. വി.എച്ച്.എസ്.എസ്, കടുവയിൽ കെ.ടി.സിടി, കുടവൂർ എച്ച്.എസ്.എസ്, കരവാരം വി.എച്ച്.എസ്. എസ് സ്‌കൂളുകളിൽ സ്ഥാപിക്കുന്നതിനുള്ള പരാതിപ്പെട്ടികൾ എം.എൽ.എ കൈമാറി.