road

പാറശാല: കളിയിക്കവിള മുതൽ ബാലരാമപുരം വരെയുള്ള ദേശീയപാതയിൽ പല ഭാഗങ്ങളിലും ടാർ ഇളകി കുണ്ടും കുഴിയും നിറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. ജംഗ്ഷനിലും വളവുകളിലും രൂപപ്പെടുന്ന കുഴികൾ അപകട കേന്ദ്രങ്ങളാണ്. റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുമ്പോഴും അധികൃതർ മൗനം നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പാറശാലയിൽ ഇഞ്ചിവില, കാരാളി, പോസ്റ്റോഫീസ് ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിലെ കുഴികളിൽ വീണ് നിരവധി പേരാണ് അപകടത്തിൽ പെടുന്നത്. അമരവിള ഗ്രാമം ജംഗ്ഷനിലെ കൊടും വളവുകളിൽ നിരനിരയായി രൂപപ്പെട്ടിട്ടുള്ള കുഴികൾ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നവയാണ്. യാത്രക്കാർ കുഴികളിൽ വീഴുമ്പോൾ ചില പരിസരവാസികൾ റോഡിലെ കുഴികൾ മണ്ണിട്ട് നികത്താറുണ്ടെങ്കിലും അത് ഏറെക്കാലം നീണ്ടുനിൽക്കാറില്ല. യാത്രക്കാർക്ക് താത്കാലിക ശമനം കിട്ടുമെങ്കലും വീണ്ടും പഴയപടിയകും. സി.എസ്.ഐ ജംഗ്ഷനിലും അമരവിള പാലത്തിലും ഇരുവശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന നൂറോളം തെരുവ് വിളക്കുകളിൽ ഒന്നുപോലും ഇപ്പോൾ പ്രകാശിക്കാറില്ല. ഇരുട്ട് കാരണം റോഡിലെ കുഴികൾ കാണാതെ യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്. കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതിയുടെ നേട്ടങ്ങളിലൊന്നായി അവകാശപ്പെടുന്ന, ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച ഈ വിളക്കുകൾ കത്താതായതോടെ ഇവിടം കൂരിരുട്ടിലായി. പ്രദേശം ഇരുട്ടിൽ മുങ്ങിയതോടെ കഞ്ചാവ് വില്പനക്കാരുടെയും മാലിന്യം തള്ളാനെത്തുന്നവരുടെയും കേന്ദ്രമായിക്കഴിഞ്ഞു ഇവിടം.