കിളിമാനൂർ: അംഗൻവാടി, കളിസ്ഥലം, റീ ക്രിയേഷൻ ക്ലബുകൾ, വ്യാപാര സ്ഥാപനം, കോൺഫറൻസ് ഹാൾ, കളിസ്ഥലം, പൂന്തോട്ടം, നീന്തൽക്കുളം, മഴവെള്ള സംഭരണികൾ ഇവയെല്ലാം ഒരുക്കി ഒരു ഭവന സമുച്ചയം. ഇത് ഉയരുന്നത് കൊച്ചിയിലോ തിരുവനന്തപുരത്തോ മറ്റു മെട്രോ പൊളിറ്റൻ നഗരങ്ങളിലോ അല്ല കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വിളയ്ക്കാട്ടുകോണത്താണ്. ബ്ലോക്ക് പരിധിയിലെ 8 പഞ്ചായത്തുകളിൽ ലൈഫ് മിഷനിൽ പെടാത്ത ഭവന രഹിതരായ പട്ടികജാതിക്കാരെ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ പെടുത്തിയാണ് ഭവന സമുച്ചയം ഉയരുന്നത്. 3 നിലയിൽ 4 ബ്ലോക്കുകളായിട്ട് 55 വീടുകൾ ഉയരുന്നത്. 51 കുടുംബങ്ങൾക്ക് ഭവനവും, 4 അംഗൻവാടിയും, വായനശാല, കോൺഫറൻസ് മുറി എന്നിങ്ങനെ ഒരുക്കാനാണ് തീരുമാനം, സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്. ഇത് യാഥാർത്ഥ്യമാകുമ്പോൾ നിരവധി കുടുംബങ്ങളുടെ വീടെന്ന സ്വപ്നവും, ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയുമാണ് പൂവണിയുന്നത്.