കിളിമാനൂർ: വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ തകർന്ന് കിടക്കുന്ന തിരുവനന്തപുരം കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന തൊളിക്കുഴി- കല്ലറ റോഡ് ആധുനിക രീതിയിൽ പുനർനിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, വാമനപുരം കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന റോഡാണിത്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്.
പല സ്ഥലങ്ങളിലും റോഡിന്റെ വീതി ടാറിട്ടഭാഗം മൂന്ന് മീറ്ററിലും കുറവാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം യാത്രക്കാർ വളരെ ബുദ്ധിമുട്ടിലാണ്. കിളിമാനൂർ, കടക്കൽ ഭാഗങ്ങളിൽ നിന്ന് കല്ലറയിലെത്തുന്നതിന് യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്നത് ഈ റോഡിനെയാണ്. ഈ റോഡിൽ വന്ന് ചേരുന്ന പ്രധാനപ്പെട്ട റോഡുകൾ പുനർനിർമ്മിക്കുമ്പോഴും ഈ റോഡിന് മാത്രം എന്നും അവഗണനയാണുള്ളത്. അറ്റകുറ്റപ്പണികൾ പോലും ചെയ്യാത്തതിനാൽ റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്.