തിരുവനന്തപുരം: പൊലീസുകാരെ തള്ളിയിട്ട് സ്റ്രേഷനിൽ നിന്ന് ഓടിരക്ഷപെട്ട കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിൻ സ്റ്രാലിനെ (28) പൊലീസ് പിടികൂടി. മോഷണക്കേസിൽ പിടിയിലായി വിരലടയാളം എടുക്കുന്നതിനായി വിലങ്ങഴിച്ചപ്പോഴാണ് ഇയാൾ തമ്പാനൂർ പൊലീസിനെ വെട്ടിച്ച് കടന്നത്. ഇന്നലെ പുലർച്ച വഴുതക്കാട് ആൽത്തറ ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ചശേഷം രാവിലെ 12 ഓടെ കരമന ബണ്ട് റോഡിന് സമീപം വില്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കിള്ളിപ്പാലത്ത് വച്ച് തമ്പാനൂർ പൊലീസും ഷാഡോ പൊലീസും ചേർന്ന് അറസ്റ്ര് ചെയ്തത്. സ്റ്രേഷനിൽ നിന്നും രക്ഷപെട്ട ശേഷം പവർഹൗസ് റോഡിൽ നിന്നും വഴിപോക്കന്റെ ഫോൺ സെബിൻ പിടിച്ചുപറിച്ചിരുന്നു. ഈ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ച പ്രതിയെ പൊലീസ് പിന്തുടരുകയായിരുന്നു. ഇയാളിൽ നിന്ന് രണ്ട് ബുള്ളറ്റും ഒരു ബൈക്കും പിടികൂടി.
വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഫോർട്ട് എ.സി.പി ആർ. പ്രതാപൻ നായരുടെ നേതൃത്വത്തിൽ തമ്പാനൂർ സി.ഐ എസ്. അജയകുമാർ, എസ്.ഐമാരായ ജിജു കുമാർ, അരുൺ രവി, ഷാഡോ എ.എസ്.ഐമാരായ അരുൺ, യശോധരൻ, മറ്റ് ഷാഡോ അംഗങ്ങൾ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ വാഹന മോഷണക്കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതായും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും സി.ഐ എസ്. അജയകുമാർ പറഞ്ഞു.