തിരുവനന്തപുരം: പതിമ്മൂന്നാമത് മലയാറ്റൂർ അവാർഡിന് കഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയുടെ 'തേൻ' എന്ന കഥാസമാഹാരം അർഹമായി. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസിന് ലക്ഷ്മീദേവിയുടെ 'കൊലുസണിയാത്ത മഴ' എന്ന കവിതാസമാഹാരവും അർഹമായി. 5001 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ഈമാസം അവസാനവാരം അഞ്ചലിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് മലയാറ്റൂർ സ്മാരക സമിതി ചെയർമാൻ ഡോ. കെ.വി. ജയകുമാർ, അവാർഡ് കമ്മിറ്റി ചെയർമാൻ കെ. ജയകുമാർ, സെക്രട്ടറി അനീഷ് കെ. അയിലറ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.