t-a-majeed

വർക്കല: അധികാരം ജനസേവനത്തിന് മാത്രം ഉപയോഗിച്ച മാതൃകാ ജനപ്രതിനിധിയും ഉത്തമ കമ്മ്യൂണിസ്റ്റുമായിരുന്നു ടി.എ മജീദെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. വർക്കലയിൽ ടി.എ. മജീദ് സ്മാരക സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എൽ.എയും മന്ത്രിയും ചീഫ് വിപ്പുമായി ദീർഘകാലം അധികാരത്തിലിരുന്നപ്പോഴും സ്വാർത്ഥത ബാധിക്കാത്ത സമ്പൂർണ്ണ ജനസേവകനായിരുന്നു അദ്ദേഹം. രാഷ്ട്രീയ ശുപാർശകളോട് ഒട്ടും താത്പര്യം കാണിക്കാത്ത കമ്മ്യൂണിസ്റ്റുമായിരുന്നു ടി.എ. മജീദെന്നും പ്രകാശ്ബാബു പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അഡ്വ. വി. ജോയി എം.എൽ.എ, മുൻ എം.എൽ.എ വർക്കല കഹാർ, മനോജ് ബി. ഇടമന, വി. രഞ്ജിത്ത്, പി.കെ. ബാബു, വി. മണിലാൽ, പി.എം. വിമൽബാബു, ടി. ജയൻ, എസ്. ബാബു, കെ.എ സമീൻഷാ, ടി.എ. മജീദ് സ്മാരക സൊസൈറ്റി സെക്രട്ടറിയും സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറിയുമായ ഇ.എം. റഷീദ്,ഷിജു അരവിന്ദൻ എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ വച്ച് വിദ്യാർത്ഥി പ്രതിഭകൾക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു. അനാരോഗ്യത്താൽ വിശ്രമിക്കുന്ന പ്രമുഖ എഴുത്തുകാരൻ പെരുമ്പുഴ ഗോപാലകൃഷ്ണന് ഈ വർഷത്തെ ടി.എ മജീദ് സ്മാരക പുരസ്കാരം ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിലെത്തി സമ്മാനിക്കും.