നേമം: കഴിഞ്ഞ യു.ഡി.എഫ് സർക്കാർ വിഭാവന ചെയ്ത സ്വപ്ന പദ്ധതികളിലൊന്നായിരുന്നു കരമന-കാട്ടാക്കട-വെളളറട റോഡ്. എന്നാൽ സ്വപ്നപദ്ധതി ഇപ്പോൾ വാഗ്ദ്ധാനങ്ങളിൽ ഒതുങ്ങി. ദേശീയപാതയിലെ വാഹനത്തിരക്ക് കുറയ്ക്കാനും വെളളറട മേഖലയിലെ ജനതയ്ക്ക് വളരെ വേഗം തലസ്ഥാന നഗരിയുമായി ബന്ധപ്പെടുന്നതിനും വേണ്ടി വിഭാവന ചെയ്ത റോഡാണിത്. 275 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്ക് നിരവധി തവണ റോഡ് അളന്ന് തിട്ടപ്പെടുത്തുകയും തുടക്കത്തിൽ 150 കോടി രൂപ ഉമ്മൻചാണ്ടി സർക്കാർ അനുവദിക്കുകയും ചെയ്തു. ശക്തൻനാടാർ സ്പീക്കറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാവനയിൽ വന്ന പദ്ധതിയാണിത്.വെള്ളറടയിൽ നിന്ന് കരമനയിൽ സമാപിക്കുന്ന റോഡിന്റെ പൂജപ്പുര-തിരുമല-പേയാട്-മലയിൻകീഴ്-കാട്ടാക്കട-ഒറ്റശേഖരമംഗലം-വെളളറട എന്നീ ജംഗ്ഷനുകൾ ഹൈട്ടക്ക് പട്ടണമായി വികസിപ്പിക്കാൻ ആവശ്യമായ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കാനും പദ്ധതി വിഭാവന ചെയ്തിരുന്നു. എന്നാലിപ്പോൾ റോഡിന്റെ വീതി 13 മീറ്ററായി ചുരുങ്ങി എന്നതാണ് പൊതുജന ആക്ഷേപം.
സർവേകൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും റോഡിൽ കുഴികൾ പോലും ഇതുവരെ അടച്ചിട്ടില്ല. ഒറ്റശേഖരമംഗലം, മണ്ഡപത്തിൻകടവ്, കുണ്ടമൺകടവിലും വലിയ പാലങ്ങളും മറ്റ് ചെറിയ കലിങ്കുകളുമാണ് നവീകരിക്കാനുളളത്. എന്നാൽ ആ പാലങ്ങൾ പോലും ഇതുവരെ യാഥാർത്ഥ്യമായില്ല.
ഏറെ തിരക്കുള്ള മലയോരദേശമായ വെള്ളറടയിലെ യാത്രക്കാർ അധികവും നെയ്യാറ്റിൻകര വഴി തിരുവനന്തപുരത്തേക്ക് പോകാനുള്ളവരാണ്. എന്നാൽ ഈ റൂട്ടിൽ വർദ്ധിച്ചുവരുന്ന തിരക്കുകാരണം കാട്ടക്കട വഴി തിരുവനന്തപുരത്തേക്ക് പോകാൻ നിർബന്ധിതരാകുന്നു. ഇതോടെ കഴിഞ്ഞ 10 വർഷമായി ഏറെ തിരക്കുള്ള പാതയായി വെള്ളറട- കാട്ടാക്കട- ബേക്കറി- തിരുവനന്തപുരം റോഡ് മാറി. റോഡ് നിർമ്മാണം പൂർത്തിയായാൽ ഇവിടുത്തെ ട്രാഫിക് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയും. അതിന് നാലുവരിപ്പാത തന്നെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.