വെള്ളനാട്:പ്രകൃതിയെ തൊട്ടറിഞ്ഞ് വനത്തിലൂടെ മഴ നടത്തം സംഘടിപ്പിച്ചു.വെള്ളനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ പ്രകൃതിയുടെ ആഭിമുഖ്യത്തിൽ കോട്ടൂർ വനത്തിലേയ്ക്ക് മഴ നടത്തം സംഘടിപ്പിച്ചത്.വെള്ളനാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും പ്രത്യേക ബസിൽ ആരംഭിച്ച യാത്ര കാപ്പുകാട് ഫോറസ്റ്റ് ഗാർഡ് സ്റ്റേഷനിൽ അവസാനിച്ചു.തുടർന്ന് വനം വകുപ്പിന്റെ ഗൈഡിനോടൊപ്പം വനത്തിലൂടെ മഴ നടത്തത്തിന് തുടക്കം കുറിച്ചു. അഞ്ച് കിലോമീറ്റർ ദൂരം കാടുംമേടും താണ്ടി നടന്ന സംഘാംഗങ്ങൾ അഞ്ചുനാഴിക തോട്ടിലെത്തി വിശ്രമിച്ചു.വീണ്ടും മൂന്ന് കിലോമീറ്റർ നടന്ന് വാലിപ്പാറ ആദിവാസി സെറ്റിൽമെന്റിലെത്തി. അവിടത്തെ കാട്ടരുവിയിൽ കുളിച്ച ശേഷം മാങ്കോട്ട് എത്തി ബസിൽ മടക്കയാത്ര.വിദ്യാർഥികളും സ്ത്രീകളും കുട്ടികളുമടക്കം 68 പേർ യാത്രയിൽ പങ്കെടുത്തു.പ്രകൃതിയുടെ ഭാരവാഹികളായ കെ. ഗോപിനാഥൻ,സെലസ്റ്റിൻ ജോൺ,വെള്ളനാട് രാമചന്ദ്രൻ,പിങ്കു, വെളിയന്നൂർ അജയകുമാർ,ബിനീഷ് എന്നിവർ മഴ നടത്തത്തിന് നേതൃത്വം നൽകി.