കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തി ൽ സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ നിർമ്മാണം വ്യാപാരികൾ തടഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ടവർ സ്ഥാപിക്കുന്നതിനായി വാണിജ്യ സമുച്ചയത്തിന്റെ മുകൾ നിലയാണ് അധികൃതർ അനുമതി നൽകിയത്. എന്നാൽ ടവർ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുമ്പോൾ ടവറിനു വേണ്ട വൈദ്യുതിക്കായി ജനറേറ്റർ സ്ഥാപിക്കാനായി പൊതു ജനങ്ങൾക്കു സഞ്ചാര തടസം സൃഷ്ടിക്കുന്ന രീതിയിലും, മലിനജലം ഒഴുകുന്ന പൈപ്പിന് മുകളിലായും ഒപ്പം കെ.എസ്.ഇ.ബി ട്രാൻസ്‌ഫോമറിൽ നിന്ന് വാണിജ്യ സമുച്ചയത്തിലേക്ക് ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കുന്ന വയറുകൾ പൊളിച്ചു നീക്കികൊണ്ടും ഉള്ള അശാസ്ത്രീയമായ നിർമ്മാണമാണ് വ്യാപാരികൾ തടഞ്ഞത്. വ്യാപാരികളും, പൊതു ജനങ്ങളും ഒരുപോലെ ദുരിതം നേരിടുന്ന മാലിന്യം പൊട്ടി ഒഴുകുന്ന ടാങ്ക് വിഷയത്തിൽ നടപടി കൈക്കൊള്ളാതെ അധികൃതർ വീണ്ടും പൊതു ജനത്തിന് ബുദ്ധിമുട്ട് വരുത്തുന്ന രീതിയിൽ സ്വകാര്യ കമ്പനിയെ സഹായിക്കുകയാണെന്നും ജനറേറ്റർ ഇവിടെ സ്ഥാപിക്കുന്നത് പണി നിറുത്തി വച്ച് മുകൾ നിലയിലേക്ക് മാറ്റണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ എ.ടി.ഒ. സി. പി. പ്രസാദ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു ജനറേറ്റർ സ്ഥാപിക്കുന്ന ജോലികൾ നിറുത്തിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട് മുകളിൽ തന്നെ ജനറേറ്റർ സ്ഥാപിക്കാൻ നിർദേശം നൽകാമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി സെക്രട്ടറി ശശി കുമാർ, ഷാജിദാസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ജനറേറ്റർ സ്ഥാപിക്കുന്ന നിർമ്മാണം തടഞ്ഞത്.