sreedharan-pillai

തിരുവനന്തപുരം: കോൺഗ്രസിന്റെ അകത്തളങ്ങളിൽ മോദിക്ക് വേണ്ടി തുടിക്കുന്ന ഒട്ടേറെ പേരുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. എ.പി. അബ്ദുള്ളക്കുട്ടിയെ പോലെ ചിന്തിക്കുന്ന ഒരുപാട് പേരുണ്ട്. ഇനിയും ഒട്ടേറെ അബ്ദുള്ളക്കുട്ടിമാർ ബി.ജെ.പിയിലേക്ക് വരുമെന്നും ഇന്നലെ പാർട്ടി അംഗത്വ കാമ്പെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് ശ്രീധരൻപിള്ള പറഞ്ഞു.

അംഗത്വ കാമ്പെയിൻ പൂർത്തിയാകുമ്പോൾ പ്രതിബന്ധങ്ങളുടെ കരിമ്പാറക്കെട്ടുകൾ തട്ടിമാറ്റിക്കൊണ്ട് ബി.ജെ.പിയിലേക്ക് അവരെല്ലാം എത്തുമെന്നുറപ്പാണ്. പാർട്ടി ദേശീയാദ്ധ്യക്ഷനെ കാണാൻ എന്നോടൊപ്പം വന്ന കെ.പി.സി.സി നേതാക്കളുടെയൊന്നും പട്ടിക പുറത്തുവിടുന്നില്ല. പാർട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് പോലും ആളെ കിട്ടാത്ത പാർട്ടിയായി കോൺഗ്രസ് മാറിയത് എന്തുകൊണ്ടെന്ന് ആത്മപരിശോധന നടത്തണം.

അന്ധമായ ബി.ജെ.പി വിരോധം കൊണ്ട് സി.പി.എം നാശത്തിന്റെ വക്കിലെത്തി. ബി.ജെ.പി ഭയാനകമായ മുന്നേറ്റമുണ്ടാക്കിയെന്ന് സി.പി.എം അവരുടെ തിരഞ്ഞെടുപ്പവലോകന റിപ്പോർട്ടിൽ തന്നെ പറഞ്ഞത് കണ്ണുള്ളവർ കാണണം. ന്യൂനപക്ഷങ്ങൾക്കിടയിൽ വിദ്വേഷം വാരിവിതറി ബി.ജെ.പിയെപ്പറ്റി ഭീതി ജനിപ്പിക്കുകയാണവർ. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും കോൺഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനും ബി.ജെ.പിയിലെത്തും. ആ മലവെള്ളപ്പാച്ചിലിനെ തടയാൻ സി.പി.എമ്മിന്റെ പഴമുറം കൊണ്ട് സാധിക്കില്ല. ബി.ജെ.പിക്ക് ആരും അന്യരല്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.

എ.പി. അബ്ദുള്ളക്കുട്ടി അടക്കമുള്ളവരാണ് മിസ്ഡ് കോളിലൂടെ ഇന്നലെ തലസ്ഥാനത്ത് നിന്ന് ബി.ജെ.പി അംഗമായത്. കെ.പി. ശ്രീശൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഒ. രാജഗോപാൽ, എം.ടി. രമേശ്, സി. ശിവൻകുട്ടി, വി.ടി. രമ, കരമന ജയൻ, പുതുതായി അംഗത്വമെടുത്ത സംവിധായകൻ തുളസീദാസ്, നടൻ എം.ആർ. ഗോപകുമാർ, പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടി അമ്മ, കലാമണ്ഡലം സത്യഭാമ, പി.വി. നടരാജൻ തുടങ്ങിയവരും പങ്കെടുത്തു.

ബി.ജെ.പി തെറ്റിദ്ധരിക്കപ്പെട്ട പ്രസ്ഥാനം: അബ്ദുള്ളക്കുട്ടി

ഏറെ തെറ്റിദ്ധരിക്കപ്പെട്ട പ്രസ്ഥാനമാണ് ബി.ജെ.പിയെന്ന് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി മുസ്ലിങ്ങളുടെ ശത്രുക്കളാണെന്ന് പറയുന്നത് ശരിയല്ല. ബി.ജെ.പി ജനിക്കും മുമ്പേ ഇന്ത്യയിൽ വർഗീയ സംഘർഷത്തിൽ മുസ്ലിങ്ങൾ മരിച്ചത് ബ്രിട്ടീഷുകാരുടെ വിഭജനവാദത്തിന്റെ ഫലമായിട്ടാണ്. ദേശീയ മുസ്ലിമാണ് ഞാനെന്ന് പറഞ്ഞപ്പോൾ ദേശീയ പക്ഷിയെയും ദേശീയ മൃഗത്തെയും പോലെയെന്ന് കളിയാക്കി. അവരാരും ദേശീയപുഷ്പത്തെ പറഞ്ഞില്ല. ദേശീയപുഷ്പമായ താമരയുടെ കാലമാണിനി വരാൻ പോകുന്നത്.