തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച വിശദ ചർച്ചകൾക്കായി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരാനിരിക്കെ വർക്കിംഗ് പ്രസിഡന്റ് സംവിധാനത്തെ കുറിച്ചുള്ള ആലോചനകളും കോൺഗ്രസിൽ സജീവമാകുന്നു. വൈകിട്ട് മൂന്നിനാണ് ഇന്ദിരാഭവനിൽ യോഗം. വർക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കി വൈസ് പ്രസിഡന്റുമാരിലേക്കെത്തണമെന്ന വാദമാണ് ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. വർക്കിംഗ് പ്രസിഡന്റുമാരെ നിലനിറുത്തി വൈസ് പ്രസിഡന്റുമാരെ നിയമിക്കണമെന്നും വാദമുണ്ട്.
വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും എം.പിമാരാണ്. കൊടിക്കുന്നിൽ ലോക്‌സഭയിലെ പാർട്ടി ചീഫ് വിപ്പുമാണ്. കേരളത്തിലെ സംഘടനാകാര്യങ്ങൾ ശ്രദ്ധിക്കാൻ സമയക്കുറവുണ്ടാകുമോയെന്ന ചിന്തയാണ് വൈസ് പ്രസിഡന്റുമാർ മതിയെന്ന ചർച്ചകളിലെത്തിച്ചത്. ഇക്കാര്യത്തിൽ ഇന്ന് രാഷ്ട്രീയകാര്യസമിതിയിൽ വാദഗതികളുയരാം.
പുനഃസംഘടനയിൽ ജംബോ കമ്മിറ്റി വേണ്ടെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. എണ്ണം കൂട്ടുന്നതിന് പകരം കർമ്മനിരതരായവരുടെ ടീമിനെ നിയോഗിക്കണം. സെക്രട്ടറിമാരുടെ എണ്ണം കൂട്ടേണ്ടിവരും. സെക്രട്ടറി സ്ഥാനത്തേക്ക് പുതുമുഖങ്ങൾ, യുവാക്കൾ, വനിതകൾ, പട്ടികജാതി - വർഗ വിഭാഗത്തിലുള്ളവർ എന്നിവർക്ക് പ്രാതിനിദ്ധ്യമുറപ്പാക്കും. 14 ഡി.സി.സികൾക്ക് അദ്ധ്യക്ഷന്മാരെ നിയമിച്ചപ്പോൾ ഒഴിയേണ്ടിവന്നവർക്കും പ്രാതിനിദ്ധ്യം നൽകണം.
ആറ് നിയമസഭാമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവും ചർച്ചയാവും. മണ്ഡലങ്ങളുടെ പ്രധാന ചുമതലകൾ ബന്ധപ്പെട്ട എം.പിമാർക്ക് നൽകാനാണ് നീക്കം. കൂടാതെ യു.ഡി.എഫിന്റെ 19 എം.പിമാർക്കും അവരവരുടെ മണ്ഡലങ്ങളുൾപ്പെട്ട ജില്ലകളിൽ വോട്ടർപട്ടികാ പരിശോധനകളുടെ ചുമതലകളും നൽകും. ഉപതിരഞ്ഞെടുപ്പും അടുത്ത വർഷത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പും അതിനടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽക്കണ്ട് സംഘടനാപ്രവർത്തനം താഴേതട്ടിൽ സജീവമാക്കാനുള്ള പരിപാടികളും ചർച്ചയാവും. സർക്കാർനയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ പാർട്ടിയും യു.ഡി.എഫും മുൻകൈയെടുത്ത് ശക്തിപ്പെടുത്തുന്ന കാര്യവും ആലോചിക്കും.