 സി. കേശവന്റെ അമ്പതാം ചരമവാർഷികാചരണം

തിരുവനന്തപുരം: ദേശീയതയുടെ പേരിൽ രാജ്യത്തിന്റെ നാനാത്വം ഇല്ലാതാക്കി സവർണ മേധാവിത്വം പ്രതിഷ്ഠിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ. തിരുക്കൊച്ചി മുഖ്യമന്ത്രിയും സമൂഹ്യ പരിഷ്‌കർത്താവുമായിരുന്ന സി.കേശവന്റെ അമ്പതാം ചരമവാർഷികാചരണം വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ദേശീയതയെന്നാൽ എല്ലാ സംസ്‌കാരത്തെയും ഒരുമിച്ചുനിർത്തുക എന്നാണ്. ഇന്ന് അത് ചിലർ കുത്തകയാക്കാൻ ശ്രമിക്കുന്നു. സമൂഹത്തിൽ പല വിധത്തിലും മൂല്യച്യുതി വന്നുകൊണ്ടിരിക്കുന്ന കാലത്ത് സി.കേശവന്റെ ജീവിതാദർശങ്ങൾ ഏറെ പ്രസക്തമാണ്. ജനങ്ങളോട് പ്രതിബദ്ധതയുണ്ടായിരുന്ന ഭരണകർത്താവായിരുന്ന സി.കേശവൻ ജീവിതത്തിലുടനീളം അധസ്ഥിത വിഭാഗങ്ങൾക്കായി
നിലകൊണ്ടു. അദ്ദേഹത്തിന്റെ പ്രവർത്തനം തലമുറകൾക്ക് ഊർജ്ജസ്രോതസ്സാണെന്നും മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.

വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ചരിത്രകാരൻ ഡോ.കെ.എൻ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ.എൻ.ഗോപകുമാരൻ നായർ, സി.കേശവൻ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ, പി.ആർ.ഡി ഡയറക്ടർ യു.വി ജോസ്, അഡിഷണൽ ഡയറക്ടർ പി.എസ് രാജശേഖരൻ എന്നിവർ സംസാരിച്ചു. സ്വരാഞ്ജലിയുടെ നേതൃത്വത്തിൽ കാവ്യാഞ്ജലിയും കെ.പി.എ.സിയുടെ 'മുടിയനായ പുത്രൻ' നാടകവും അരങ്ങേറി.
സി.കേശവൻ ഫൗണ്ടേഷൻ, യൂണിവേഴ്സിറ്റി കോളേജ് ചരിത്ര വിഭാഗം, കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് എന്നിവയുടെ സഹകരണത്തോടെ പബ്ളിക് റിലേഷൻസ് വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.