സൂത്രധാരൻ സ്വർണവ്യാപാരിയുടെ സഹായി
തിരുവനന്തപുരം : തലസ്ഥാനത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വർണം തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശികളായ അഞ്ച് പേർ അറസ്റ്റിലായി. സ്വർണവ്യാപാരിയായ ബിജുവിന്റെ കൂടെ വർഷങ്ങളായി ജോലിനോക്കുന്ന തൃശൂർ കടങ്ങോട്, കടങ്ങോട് വീട്ടിൽ അനിൽകുമാർ (42), ഒല്ലൂക്കര മണ്ണുത്തി മംഗലശേരി വീട്ടിൽ റിയാസ് (36), വെള്ളിയാലിക്കൽ കണിമംഗലം തോട്ടുങ്കൽ വീട്ടിൽ നവീൻ (29), ആലപ്പറ കണ്ണറ പയ്യംകൂട്ടിൽ സതീഷ് (40), പേരാമംഗലം ആലംപാണ്ടിയത്ത് വീട്ടിൽ സനോജ് (21) എന്നിവരെയാണ് തൃശൂരിൽ നിന്ന് തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.
ഫോർട്ട് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ തൊണ്ടി മുതലിനെ കുറച്ച് വിവരം ലഭ്യമാകൂവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 4.20ന് ശ്രീവരാഹത്തായിരുന്നു ബിജുവിനെ ആക്രമിച്ച് സ്വർണം തട്ടിയെടുത്തത്. തൃശൂർ നിന്ന് കച്ചവടത്തിനായാണ് ബിജു സ്വർണം കൊണ്ട് വന്നത്. വെളുപ്പിന് തമ്പാനൂരിൽ ട്രെയിനിൽ വന്നിറങ്ങി സ്വന്തം കാറിൽ വാടക വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
കവർച്ചാ സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും പ്രതികൾക്കെതിരെ മറ്റ് കേസുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ ദിനേന്ദ്ര കശ്യപ് അറിയിച്ചു. അഡിഷണൽ കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ, ഡി.സി.പി ആർ. ആദിത്യ, ഫോർട്ട് എ.സി പ്രതാപൻ നായർ, സ്പെഷ്യൽ ബ്രാഞ്ച് എ.സി പ്രമോദ്കുമാർ, കൺട്രോൾ റൂം എ.സി ശിവസുതൻ പിള്ള, ഫോർട്ട് സി.ഐ മനോജ് .ടി, ഷാഡോ എ.എസ്.ഐമാരായ യശോധരൻ, ലഞ്ചു ലാൽ, അരുൺകുമാർ ഷാഡോ ടീമംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ആദ്യ ശ്രമം പാളി
അനിൽകുമാർ നൽകിയ വിവരമനുസരിച്ചാണ് കവർച്ചാ സംഘം പദ്ധതി ആസൂത്രണം ചെയ്തത്. മാസങ്ങളായുള്ള ആസൂത്രണം. സംഭവത്തിന് ഒരാഴ്ച മുമ്പും സംഘം ബിജുവിനെ പിന്തുടർന്ന് തലസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ അന്ന് ബിജു കടന്നുപോയ വഴികളിലെല്ലാം തിരക്കുണ്ടായിരുന്നതിനാൽ ശ്രമം പാളി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തൃശൂർ റെയിൽവേ സ്റ്റേഷൻ മുതൽ ബിജുവിനെ പിന്തുടർന്ന സംഘം രണ്ടു കാറുകളിലായാണ് തലസ്ഥാനത്തെത്തിയത്. തമ്പാനൂർ പാർക്കിംഗ് ഗ്രൗണ്ടിൽ ബിജു കാർ എടുക്കാൻ വരുന്ന സമയം ആക്രമിച്ച് സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. എന്നാൽ അവിടത്തെ തിരക്ക് കണ്ട് പദ്ധതി മാറ്റി. ബിജുവിനെ പിന്തുടർന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കാർ തടഞ്ഞ് വാഹനത്തിന്റെ ചില്ലുകൾ ജാക്കി ലിവർ കൊണ്ട് തകർത്ത് ബിജുവിന് നേർക്ക് മുളകുപൊടി എറിഞ്ഞാണ് ബാഗ് തട്ടിയെടുത്തത്. കവർച്ചാ സംഘത്തിന്റെ കാറിന്റെ നമ്പർ ബിജു കൃത്യമായി ശ്രദ്ധിച്ചിരുന്നു. ഇത് പൊലീസിന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ നെയ്യാറ്റിൻകരയ്ക്കടുത്തുള്ള സ്വകാര്യ ആശുപത്രി ഗ്രൗണ്ടിൽ കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.