തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയും രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ലെന്ന് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷന്റെ കണ്ടെത്തൽ.
പദ്ധതിയിൽ രാഷ്ട്രീയ ദുരുപയോഗവും കോടികളുടെ അഴിമതിയും നടത്തിയെന്നായിരുന്നു കംപ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറലിന്റെ (സി.എ.ജി) കണ്ടെത്തൽ. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒപ്പു വച്ച വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിനെ തുടർന്നാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷനെ അന്വേഷണത്തിന് പിണറായി സർക്കാർ നിയോഗിച്ചത്. പദ്ധതിയുടെ മറവിൽ അഴിമതി നടന്നെന്ന സർക്കാർ വാദം കമ്മിഷൻ തള്ളിക്കളഞ്ഞു. കഴിഞ്ഞ ഡിസംബറിൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തു വിട്ടിരുന്നില്ല.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയടക്കമുള്ള യു.ഡി.എഫ് നേതാക്കൾ വിഴിഞ്ഞം പദ്ധതിയുടെ പേരിൽ അഴിമതി നടത്തുകയോ അവിഹിത നേട്ടമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മിഷൻ പറയുന്നു. വരുമാനമുണ്ടാകില്ലെന്ന് അറിഞ്ഞിട്ടും പദ്ധതി തത്വത്തിൽ അംഗീകരിച്ച കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തെയും കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പദ്ധതിയിൽ സംസ്ഥാന സർക്കാരിന് കാര്യമായ വരുമാനം കിട്ടില്ലെന്നും നഷ്ടം വരുമെന്നുമായിരുന്നു സി.എ.ജിയുടെ വിലയിരുത്തൽ. എന്നാൽ, അടിസ്ഥാന വികസന കാര്യങ്ങളിൽ സർക്കാർ പണം മുടക്കുന്നത് സാമ്പത്തിക വരുമാനം നോക്കിയല്ലെന്ന് കമ്മിഷൻ സമർത്ഥിക്കുന്നു. എ.ജിയുടെ അഭിപ്രായം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്നാണ് റിപ്പോർട്ടിലുള്ളത്. നിയമസഭാ സമ്മേളനം അവസാനിച്ച വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കമ്മിഷൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്.