police

വെഞ്ഞാറമൂട്: തൊണ്ടി വാഹനം കസ്റ്റഡിയിലെടുക്കാൻ പോയ കല്ലമ്പലം സി.ഐയ്ക്ക് വെട്ടേറ്റു. സി.ഐ അനൂപ്‌ ചന്ദ്രനാണ് വെട്ടേറ്റത്. കേസിലെ പ്രതിയും വെമ്പായം ചിറത്തലയ്ക്കൽ ഷഹാന മൻസിലിൽ ഷമീർഷ (31)ആണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കല്ലമ്പലത്തു നടന്ന ഒരു വധക്കേസിന്റെ തൊണ്ടിമുതലായ ബൈക്ക് എടുക്കാനായാണ് സി.ഐയും സംഘവും വെമ്പായത്തുള്ള ഷമീർഷായുടെ വീട്ടിലെത്തിയത്. പൊലീസിനെ കണ്ട് പ്രകോപിതനായ സജിൻഷാ വെട്ടുകത്തിയെടുത്തു സി.ഐയുടെ മുഖത്തിനുനേരെ വീശുകയായിരുന്നു.

അപ്രതീക്ഷിതമായുള്ള ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ സി.ഐയുടെ മുതുകിൽ വെട്ടേല്ക്കുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന പൊലീസുകാർ പ്രതിയെ കീഴടക്കി വെഞ്ഞാറമൂട് പൊലീസിനു കൈമാറി. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. നിസാര പരിക്കേറ്റ സി.ഐ കന്യാകുളങ്ങര ആശൂപത്രിയിൽ ചികിത്സ തേടി. പ്രതിയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.