പോത്തൻകോട്: കഴക്കൂട്ടം - അടൂർ കെ.എസ്.ടി.പി സുരക്ഷാ റോഡ് പദ്ധതി പോത്തൻകോട് ജംഗ്ഷനിലെത്തുമ്പോൾ സുരക്ഷയ്ക്ക് മാത്രം ഒരു കുറവുള്ളപോലെ. അത്രത്തോളമുണ്ട് ഇവിടത്തെ ട്രാഫിക് ബ്ലോക്ക്. ജംഗ്ഷനിലെ ഗതാഗതകുരുക്കിലമരുന്ന
വാഹനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. കുരുക്കഴിയണമെങ്കിൽ മണിക്കൂറുകൾ വേണ്ടിവരുന്നു. ഇക്കാരണത്താൽ പോത്തൻകോട് വഴിയുള്ള യാത്രകൾ നരകതുല്യമാണ്. ഈ ഗതികേട് തുടങ്ങിയിട്ട് വർഷങ്ങളായി. നിവേദനങ്ങൾ സമർപ്പിക്കലും പ്രതിഷേധങ്ങളുമെല്ലാം അനവധി നടന്നു.
എന്നാൽ പ്രശ്‌നത്തിന് പരിഹാരമായില്ല താനും.
അധികൃതരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും ജനങ്ങളുടെ യാത്രാദുരിതം പതിന്മടങ്ങ് വർദ്ധിപ്പിച്ചെന്ന് വേണം പറയാൻ. പോത്തൻകോട് ജംഗ്ഷനിൽ ഓട പോലും നിർമ്മിക്കാൻ കഴിയാത്ത വിധം റോഡ് കൈയേറി റോഡിലേക്ക് ഉന്തിനിൽക്കുന്ന ചെറുതും വലുതുമായ കെട്ടിടങ്ങൾ അനവധി നിർമ്മിച്ചു. എന്നിട്ടും അധികൃതർ മാത്രം ഒന്നും അറിഞ്ഞില്ല.
പോത്തൻകോട് ജംഗ്ഷനിൽ ഓടകൾ വെട്ടിപ്പൊളിച്ചിട്ടിട്ട് ഒരു വർഷത്തിലധികമായി. ആധുനിക സമൂഹത്തിൽ മൂക്കുപൊത്താതെ ടൗണിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥ അറപ്പുളവാക്കുന്നു. നഗരത്തിലെ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സെപ്റ്റിക് ടാങ്കുകൾ പോലും തുറന്നുവിടുന്നത് ഈ ഓടകളിലേക്കാണ്. കുറേ ദൂരത്തേക്ക് മാത്രം നിർമ്മിച്ച് അടച്ചിട്ടിരിക്കുന്ന ഓടയ്ക്ക് മുകളിലൂടെ മഴവെള്ളം നിറഞ്ഞു പൊതു റോഡിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഒഴുകുകയാണ്. ഇതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ വൺവേ ട്രാഫിക് ഏർപ്പെടുത്തിയിരിക്കുന്നത്. വൺവേ ട്രാഫിക് ഏർപ്പെടുത്തിയിരിക്കുന്ന ഇടുങ്ങിയ റോഡ് പി.ഡബ്ലി യു.ഡി വകയാണ്. എന്നാൽ ജംഗ്ഷനിലെ പ്രധാന റോഡ് കെ.എസ്.ടി.പി വകയും.
വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ ഒരു മേല്പാലമോ ജംഗ്‌ഷനിൽ എത്താതെ കടന്നുപോകാൻ മുമ്പ് അലൈൻമെന്റിൽ തീരുമാനിച്ച പോലൊരു റോഡോ ഉണ്ടാക്കുകയാണ് വേണ്ടതെന്ന അഭിപ്രായത്തിന് പിന്തുണയേറുകയാണ്.
ഊരാക്കുടുക്ക്
പുലർച്ചെ മൂന്നു മണി മുതൽ സജീവമാകുന്ന വാണിജ്യകേന്ദ്രവും ചന്തയും പോത്തൻകോട് ജംഗ്ഷനിലാണ്. ഇവിടെ സാധനങ്ങൾ ഇറക്കാൻ ഏതു സമയത്തും വരുന്ന അനവധി ട്രക്കുകൾ കുപ്പിക്കഴുത്ത് രൂപത്തിലുള്ള റോഡിലെ ഗതാഗതം നിശ്ചലമാക്കുന്നു. പോത്തൻകോടിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിന് ശാസ്ത്രീയ പഠനം ആവശ്യമാണ്. പോത്തൻകോട് ജംഗ്ഷൻ ഇപ്പോൾ ഒരു ഊരാക്കുടുക്കായി മാറി.
അപാകതകൾ അനവധി
അശാസ്ത്രീയമായ റോഡ്‌നിർമ്മാണം
അപ്രായോഗിക ട്രാഫിക് സംവിധാനം
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ
റോഡിലാകെ കുണ്ടും കുഴിയും ചെളിയും
തലങ്ങും വിലങ്ങുമുള്ള പാർക്കിംഗ്