നീതി ആയോഗ് തയാറാക്കിയ ഏറ്റവും പുതിയ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 23 ആരോഗ്യസൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ സൂചിക 2016 നും 2018 നും ഇടയിലുള്ള പുരോഗതിയുടെ ഒരു സംഗ്രഹം കൂടിയാണ്. ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, പുരോഗമന ഇന്ത്യ എന്ന തലക്കെട്ടുള്ള റിപ്പോർട്ട് ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് തയാറാക്കിയത്. ആരോഗ്യനേട്ടങ്ങളിൽ കേരളം ഇതര സംസ്ഥാനങ്ങൾക്ക് മുമ്പേ നടക്കുമ്പോഴും സൂചിക ഉയർത്തുന്ന ആശങ്കകളും സൂചികയ്ക്കപ്പുറമുള്ള കേരളത്തിന്റെ ആരോഗ്യരംഗവും ഒരു വിശകലനത്തിനായി തുറന്നിടേണ്ടതുണ്ട്.
സൂചികയെക്കുറിച്ച് :
നീതി ആയോഗ് തയാറാക്കിയ രണ്ടാമത്തെ 2017-18 റഫറൻസ് വർഷത്തെ ആരോഗ്യസൂചിക റിപ്പോർട്ടാണ് ഇൗ ജൂണിൽ പുറത്തുവന്നത്. 23 സുപ്രധാന ആരോഗ്യ സൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ള ഇൗ സംയോജിത സൂചികയിൽ നവജാത ശിശുമരണനിരക്ക്, ജനനസമയത്തെ ലിംഗാനുപാതം, ക്ഷയചികിത്സാ വിജയനിരക്ക്, പൊതുജനാരോഗ്യ സൗകര്യങ്ങളുടെ ഗുണനിലവാരം, വാക്‌സിനേഷൻ, ഫണ്ട് വിനിയോഗം തുടങ്ങിയ സുപ്രധാന ആരോഗ്യ സംരക്ഷണ സൂചകങ്ങൾ ഇടം പിടിക്കുന്നുണ്ട്.
സൂചിക പറയുന്നത്
രാജ്യത്തെ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മികച്ച നേട്ടം കൈവരിച്ച് ഒന്നാമതെത്തിയപ്പോൾ ആന്ധ്രപ്രദേശും മഹാരാഷ്ട്രയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങൾ പട്ടികയിൽ ഒടുവിലത്തെ സ്ഥാനക്കാരായി ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മിസോറം ഉയർന്ന റാങ്കിലെത്തിയപ്പോൾ, സിക്കിം, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മോശം ആരോഗ്യപ്രകടനം കാഴ്ചവച്ചു.
. 2030 ൽ കൈവരിക്കാനുള്ള സുസ്ഥിര വികസന നേട്ടങ്ങൾ (ഉദാ. നവജാത ശിശുമരണനിരക്ക് പോലുള്ള സൂചകങ്ങളുടെ കാര്യത്തിൽ) കൈവരിച്ച സംസ്ഥാനങ്ങളായി കേരളവും തമിഴ്നാടും മാറി.
. മോശം പ്രകടനം കാഴ്ചവച്ച ബീഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഒഡീഷ എന്നീ 5 സംസ്ഥാനങ്ങൾ എംപവേർഡ് ആക്ഷൻ ഗ്രൂപ്പിൽ ഉൾപ്പെട്ടു.
. ജനനസമയത്തെ ലിംഗാനുപാതത്തിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ആശങ്കാജനകമായ തലങ്ങളിലേക്ക് നീങ്ങുകയാണ്. ജനനസമയത്തെ ലിംഗാനുപാതം കേരളത്തിൽ 967 ൽ നിന്ന് 959 ആയി കുറയുന്ന സാഹചര്യമാണുള്ളത്. ഹരിയാനയിലാണിത് (832) ഏറ്റവും കുറവ്.
കേരളത്തിന്റെ
ആരോഗ്യനേട്ടങ്ങൾ
കേരളം നേടിയ ഉയർന്ന ആരോഗ്യസൂചിക പതിറ്റാണ്ടുകളുടെ ശ്രമകരമായ പ്രവർത്തനങ്ങളുടെയും കാഴ്ചപ്പാടിന്റെയും വിദ്യാഭ്യാസ പുരോഗതിയുടെയും എല്ലാം പ്രതിഫലനം കൂടിയാണ്. ശിശുമരണനിരക്ക് കുറയ്ക്കാനും, വാക്സിനേഷൻ ഉറപ്പാക്കാനും ആരോഗ്യവിദ്യാഭ്യാസത്തിലും സംസ്ഥാനം ചെലത്തുന്ന ജാഗ്രത എടുത്തുപറയേണ്ടതുണ്ട്. ആരോഗ്യ സംവിധാനങ്ങളുടെ കാലോചിതമായ നവീകരണങ്ങളും ഇത്തരുണത്തിൽ പ്രധാനമാണ്. പ്രത്യേകിച്ചും പ്രാഥമികാരോഗ്യസൗകര്യങ്ങൾ, ഡോക്ടർമാർ, മറ്റു ആരോഗ്യപരിപാലകർ തുടങ്ങിയവയിലും കേരളം വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഉദാഹരണത്തിന് സംസ്ഥാനത്തെ ഡോക്ടർമാരുടെ സാന്ദ്രത നോക്കാം. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 1000 പേർക്ക് ഒരു ഡോക്ടർ (1: 1000) എന്നതാണ് ഉചിതമായ നിരക്ക് എന്നിരിക്കെ കേരളത്തിലത് മാതൃകാപരമാംവിധം (1: 535) ആണ്.
ദേശീയതലത്തിലെ ആരോഗ്യചെലവ് ആശങ്കയുണർത്തുന്ന ഒന്നാണ്. 2018 ലെ നാഷണൽ ഹെൽത്ത് പോളിസി പ്രകാരം ഇന്ത്യയുടെ പൊതുജനാരോഗ്യ ചെലവ് ജി.ഡി.പിയുടെ 1.02 ശതമാനം മാത്രമാണ്. ഇത് കുറഞ്ഞ വരുമാനക്കാരായ രാജ്യങ്ങളുടെ ശരാശരി ചെലവായ 1.4 ശതമാനത്തേക്കാളും കുറവാണെന്ന് ഒാർക്കണം. 2025-ഒാടെ ചെലവ് 2.5 ശതമാനം ആക്കാൻ 2017 ലെ നാഷണൽ ഹെൽത്ത് പോളിസി ലക്ഷ്യമിട്ടപ്പോഴും ഇന്ത്യയിലിത് 2010 ലെ ലക്ഷ്യമായ രണ്ട് ശതമാനം പോലും ആയിട്ടില്ല. ഇൗയൊരു സാഹചര്യത്തിൽ കേരളം 2019-20 ബഡ്‌ജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ആകെ ചെലവിന്റെ 5.1 ശതമാനമാണ് എന്നത് അഭിമാനകരമാണ്.
വികസിതരാജ്യങ്ങളോട് കിടപിടിക്കുംവിധമുള്ള ആരോഗ്യനേട്ടങ്ങൾ നിരവധി മേഖലകളിൽ കേരളത്തിന് അവകാശപ്പെടാനുണ്ട്. ആർദ്രംപോലുള്ള പദ്ധതികളും ഇൗവർഷത്തെ സാമ്പത്തിക സർവേ പ്രത്യേകം പ്രശംസിച്ച ജനനി പദ്ധതിയും കേരളത്തിന്റെ അഭിമാന പരിപാടികൾ ആണ്. രോഗപ്രതിരോധരംഗത്ത് പ്രത്യേകിച്ചും നിപ പോലുള്ള പുത്തൻ ഭീഷണികളെ ചങ്കൂറ്റത്തോടെ നേരിട്ട അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന്റെ നെറുകയിൽ തന്നെയാണ്- സംശയമില്ല.
സൂചിക നൽകുന്ന മുന്നറിയിപ്പ്
സൂചികയിൽ നാം ഒന്നാമതെങ്കിലും സൂചികയുയർത്തുന്ന ആശങ്കകൾ പലതുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം നേടിയ പുരോഗതിയുടെ കാര്യത്തിൽ ഹരിയാന 6.55 പോയിന്റ് മെച്ചപ്പെടുത്തിയപ്പോൾ രാജസ്ഥാനും, ജാർഖണ്ഡും തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി. എന്നാൽ കേരളം 2.55 പോയിന്റ് താഴ്ന്ന് പുരോഗതിയുടെ പട്ടികയിൽ 16-ാം സ്ഥാനത്തായി. ഇൗമാറ്റം ആശാവഹമല്ല. സൂചികയ്ക്കപ്പുറത്തും കേരളത്തിന്റെ ആരോഗ്യരംഗം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ജലജന്യ രോഗ ഭീഷണിയും മാലിന്യസംസ്കരണത്തിലെ വീഴ്ചയും കേരളം ജാഗ്രതയോടെ കരുതിയിരിക്കണം. ഒപ്പം ജീവിതശൈലീരോഗങ്ങൾ നമ്മെ കീഴടക്കുന്നുണ്ടോ എന്ന ആശങ്കയും ചർച്ച ചെയ്യപ്പെടണം. കഴിഞ്ഞ 3 വർഷത്തിനിടയിൽ 1.55 ലക്ഷം (പോയവർഷം മാത്രം 57727 പേർ) കാൻസർ ചികിത്സയ്ക്കായി എത്തിയെന്ന പുതിയ റിപ്പോർട്ട്കൂടി നമ്മുടെ ആരോഗ്യചിന്തകളെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കേണ്ടതുണ്ട്. ശിശുമരണനിരക്കിൽ നാം വികസിതരാജ്യങ്ങളുടെ നിലവാരത്തിലാണെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളും അട്ടപ്പാടി ഉയർത്തുന്ന വെല്ലുവിളികളും ആരോഗ്യകേരളത്തെ അലട്ടികൂടാ.
ചുരുക്കത്തിൽ നീതി ആയോഗും സാമ്പത്തിക സർവേയുമെല്ലാം പ്രശംസിക്കുമ്പോഴും നേട്ടങ്ങളുടെമേൽ ആശങ്കകളുടെ നിഴൽവീഴാതെ ആരോഗ്യമുള്ള കേരളം രാജ്യത്തിനാകെ മാതൃകയായി ഇനിയും തുടരേണ്ടതുണ്ട്. അതിനുവേണ്ടത് മികച്ച ആരോഗ്യ വിദ്യാഭ്യാസവും ജാഗ്രതയോടെയുള്ള ജനകീയ ഇടപെടലുകളും ആണ്. ഇച്ഛാശക്തിയുള്ളൊരു ആരോഗ്യമന്ത്രാലയത്തിന് കീഴിൽ നമുക്കതിന് കഴിയും എന്ന് പ്രത്യാശിക്കാം.
ലേഖകൻ കേരള സർവകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം അസി.പ്രൊഫസറാണ്