toddy

തിരുവനന്തപുരം: കള്ള് ചെത്ത് വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി 'ടോഡി ബോർഡ് ' രൂപീകരിക്കാനുള്ള ബില്ലിന്റെ കരടിന് അന്തിമരൂപമായി. മേഖലയിലെ വിവിധ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയുണ്ടാക്കിയ കരട് ഉടൻ നിയമവകുപ്പിന്റെ പരിഗണനയ്ക്ക് അയയ്ക്കും.

അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കണോ അതിനുമുമ്പ് ഓർഡിനൻസ് ഇറക്കണോ എന്നത് പരിഗണനയിലാണ്.

'2018 -ലെ കേരള കള്ള് വ്യവസായ വികസന ബോർഡ് ആക്ട് ' എന്ന ചട്ടത്തിൽ തെങ്ങ്, കരിമ്പന, ഈന്തപ്പന തുടങ്ങിയവയിൽ നിന്ന് ചെത്തിയെടുക്കുന്ന നീരിനെയാണ് കള്ള് എന്ന് നിർവചിച്ചിട്ടുള്ളത്. നികുതി വകുപ്പ് പ്രതിനിധി (സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി /അഡിഷണൽ ചീഫ് സെക്രട്ടറി), എക്സൈസ് കമ്മിഷണർ, ധനകാര്യ സെക്രട്ടറി, കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്), കേരള കള്ള് തൊഴിലാളി ക്ഷേമനിധി ബോർഡ് അദ്ധ്യക്ഷൻ, കള്ള് മേഖലയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുടെ ഓരോ പ്രതിനിധികൾ, കള്ള് ഷാപ്പ് ലൈസൻസികളുടെ അസോസിയേഷന്റെ രണ്ട് പ്രതിനിധികൾ, കേരകർഷകരുടെ രണ്ട് പ്രതിനിധികൾ എന്നിവരാണ് ബോർഡിലെ അംഗങ്ങൾ. സർക്കാർ നിശ്ചയിക്കുന്ന വ്യക്തിയായിരിക്കും ബോർഡ് ചെയർമാൻ.

സംസ്ഥാന എക്സൈസ് വകുപ്പിലെ ജോയിന്റ് എക്സൈസ് കമ്മിഷണർ പദവിയിലുള്ള ഉദ്യോഗസ്ഥനാവും ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ. എക്സ് ഒഫിഷ്യോ അംഗം ഒഴികെയുള്ള ബോർഡിലെ ഓരോ അംഗത്തിനും ഔദ്യോഗിക പദവി ഏറ്രെടുക്കുന്നതു മുതൽ അഞ്ച് വർഷം വരെ കാലാവധിയിൽ തുടരാം.

പ്രവർത്തനത്തിന് സ്വന്തം ഫണ്ട് ഉണ്ടാവണം. കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിൽ നിന്നുള്ള ഒറ്രത്തവണ സഹായവും കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള വായ്പ/ സഹായവും സ്വീകരിക്കാം. ഓരോ ഗ്രൂപ്പ് കള്ള് ഷാപ്പുകളിലെയും ലൈസൻസ് ഫീസ് ലൈസൻസികളിൽ നിന്ന് വാങ്ങുന്ന സമയത്ത് 1000 രൂപയും തൊഴിലാളി കമ്മിറ്റികൾ നടത്തുന്ന ഷാപ്പുകളിൽ നിന്ന് 250 രൂപയും ബോർഡ് വികസന ഫണ്ടായി സമാഹരിക്കേണ്ടതാണ്. അന്തർ ഡിവിഷൻ കള്ള്കടത്ത് പെർമിറ്റിന് ഓരോ ലിറ്ററിനും ഒരു രൂപ നിരക്കിൽ ഫണ്ട് സമാഹരിക്കാം.

ബോർഡിന്റെ ചുമതലകൾ

*ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പാക്കുക. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുക

*ഉത്പാദനം കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് ആവശ്യമുള്ളിടത്ത് എത്തിക്കുക

*അധികം ഉത്പാദിപ്പിക്കുന്ന കള്ള് കേടുകൂടാതെ സൂക്ഷിക്കാൻ സൗകര്യമുണ്ടാക്കുക

*അത്യുത്പാദന ശേഷിയുള്ള കേരവൃക്ഷങ്ങൾ പരമാവധി വച്ചുപിടിപ്പിക്കുക

*ഷാപ്പുകൾക്ക് സ്ഥിരം കെട്ടിടങ്ങൾ നിർമ്മിക്കുക. വിൽക്കാത്തവ ഏറ്റെടുത്തു നടത്തുക