നെയ്യാറ്റിൻകര: നോമ്പുകാലം കഴിയുമ്പോൾ പച്ചക്കറിക്കും പഴവർഗങ്ങൾക്കും വിലകുറയുമെന്നു കരുതി. പക്ഷേ ഉണ്ടായത് മറിച്ചാണ്. കഴിഞ്ഞ ആറുമാസത്തിനിടെ പച്ചക്കറി വില കുത്തനെ കൂടി. ജൂലായ് ആദ്യവാരത്തിൽ വർദ്ധിച്ച വില ചിങ്ങമാസത്തിൽ ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഓണവും വിവാഹ സീസണും വരുന്നതോടെ അന്യസംസ്ഥാനത്തിൽ നിന്നുള്ള പച്ചക്കറികളുടെ വില ഇനിയും വർദ്ധിക്കും. പ്രളയാനന്തരം നശിച്ച കൃഷി വീണ്ടും തുടങ്ങിയപ്പോൾ കർഷകർക്ക് ഇരട്ടിപ്രഹരമായി വരൾച്ചയും ജലക്ഷാമവും എത്തി. ഇതോടെ വിളകൾ നശിച്ചു. ഉള്ളവയാകട്ടെ പരിപാലിക്കാൻ ഇരട്ടി ചെലവും. ഒപ്പം ഡീസൽ വില വർദ്ധനവും ജി.എസ്.ടിയും പച്ചക്കറി ലഭ്യത കുറയ്ക്കാനും വില വർദ്ധിക്കാനും കാരണമായി. ഇതു കാരണം ഓണത്തിന് ഹോർട്ടികോർപ്പിന്റെ വിപണനകേന്ദ്രങ്ങളിലും പച്ചക്കറിക്ക് ക്ഷാമം നേരിട്ടേക്കും. തമിഴ്നാട്ടിൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികളിൽ വിഷാംശം കൂടുതലുണ്ടെന്ന് കണ്ടെത്തിയതും ഉത്പാദന മാന്ദ്യത്തിനും അതു വഴി വിലവ‌‌ർദ്ധനയ്ക്കും കാരണമായതായി കേരളത്തിലെ പച്ചക്കറി വ്യാപാരികൾ പറയുന്നു.

കർണാടക, തമിഴ്നാട് തുടങ്ങി ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നതും കുറഞ്ഞു. ഹോൾസെയിൽ ഡിപ്പോകളിൽ ജി.എസ്.ടി കർശനമായി ഈടാക്കിയതാണ് പെട്ടന്നുള്ള വിലവർദ്ധനയ്ക്ക് കാരണമായി വ്യാപാരികൾ പറയുന്നത്. എന്നാൽ നിലവിലെ വിലവർദ്ധന ഓണക്കാലം കഴിഞ്ഞാൽ കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

പച്ചക്കറി സ്വയം പര്യാപ്തമായി നാം മാറണം. സ്കൂളുകളിൽ പച്ചക്കറി തോട്ടം വച്ചു പിടിപ്പിച്ച് വരും തലമുറയെ കൃഷിരീതികൾ പഠിപ്പിക്കണം. ഇതു വഴി കാർഷിക സ്വയം പര്യാപ്തത നേടാനാകും. വീടുകളിലും പച്ചക്കറി കൃഷി ചെയ്യുവാൻ കൃഷി വകുപ്പ് പദ്ധികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം. കൃഷിക്കായി ജല വിനിയോഗം ശാസ്ത്രീയമാക്കണം.

2019 മേയ് 14ന് ജനീവയിൽ നടന്ന നാലാമത് ലോകപുനർനിർമ്മാണ ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയം കാട്ടാക്കടയിലെ വറ്റാത്ത ജലസ്രോതസുകൾ പുനർജ്ജനിപ്പിച്ചതിന് അവിടുത്തെ എം.എൽ.എ ഐ.ബി. സതീഷ് വഹിച്ച പങ്കിനെ പറ്റിയായിരുന്നു. ലോകത്തേറ്റവും മികച്ചതും ഉത്തമവുമായ സംയോജിത നീർത്തട പരിപാലന മാതൃകയാണ് കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയെന്ന് ഉച്ചകോടിയിൽ അവതരിപ്പിച്ച ഡച്ച് പ്രബന്ധത്തിൽ വിലയിരുത്തപ്പെട്ടു.