mullappalli
MULLAPPALLI

തിരുവനന്തപുരം: ആദർശത്തെ വില്പനച്ചരക്കാക്കാത്ത നേതാവായിരുന്നു സി.കേശവനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അധികാരം കുടുംബ താത്പര്യത്തിന് മാത്രം ഉപയോഗിക്കുന്ന ഇക്കാലത്ത്, അധികാരഗർവ്വില്ലാത്ത നേതാവായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമര നേതാവും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയിൽ, അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി.

അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടം നടത്തിയ മഹാനായ സാമൂഹ്യവിപ്ളവകാരിയായിരുന്നു അദ്ദേഹം. നിസ്വനായി ജനിച്ച്, നിസ്വനായി മരിച്ച സി.കേശവൻ വർത്തമാനകാല രാഷ്ട്രീയരംഗത്തിന് അത്ഭുതമാണ്. നിവർത്തന പ്രക്ഷോഭത്തിന്റെയും ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്റെയും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെയും മുഖ്യശില്പികളിലൊരാളായിരുന്നു. അധികാര സ്ഥാനങ്ങളോട് എന്നും കലഹിച്ച നേതാവായിരുന്നു. അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി പ്രവർത്തിച്ച സി.കേശവന്റെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

50-ാം ചരമവാർഷികത്തിന്റെ സ്മരണയ്ക്കായി ഇന്ദിരാഭവനിൽ 50 ദീപങ്ങൾ തെളിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികൾക്കും കെ.പി.സി.സിയിൽ തുടക്കമായി.മ്യൂസിയത്തിന് മുന്നിലെ സി.കേശവൻ പ്രതിമയിലും മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർരവി, ടി.ശരത്ചന്ദ്രപ്രസാദ്,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പാലോട് രവി, മണക്കാട് സുരേഷ്, കെ.വിദ്യാധരൻ, എം.ആർ.തമ്പാൻ, ശാസ്തമംഗലം മോഹനൻ, പി.എസ്.പ്രശാന്ത്, പത്മിനിതോമസ്,എൻ.എസ്.നൂസൂർ തുടങ്ങിയവർ പങ്കെടുത്തു.