asha-sarath

തിരുവനന്തപുരം: 'എവിടെ' സിനിമയ്ക്കു വേണ്ടി ചെയ്ത പ്രൊമോഷൻ വീഡിയോ എഡിറ്റ് ചെയ്ത ശേഷം ചിലർ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ പ്രചരിപ്പിച്ചെന്ന് നടി ആശാ ശരത് പറഞ്ഞു. ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് തന്നെയാണ് താൻ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും ഇതിന്റെ തുടക്കത്തിലും അവസാനവും സിനിമയ്ക്ക് വേണ്ടിയുള്ള പ്രചാരണമാണിതെന്ന് വ്യക്തമായി പറഞ്ഞിരുന്നെന്നും അവർ പറഞ്ഞു. 'എവിടെ' സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം പ്രസ്ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു നടി.

സിനിമയിലെ കഥാപാത്രമായാണ് താൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഭർത്താവിന്റെ പേര് സക്കറിയ എന്ന് വ്യക്തമായി പറയുന്നുമുണ്ട്. സംവിധായകനും മറ്റ് അണിയറപ്രവർത്തകരും കൂട്ടായി എടുത്ത തീരുമാന പ്രകാരമാണ് വീഡിയോ ചെയ്തത്. ഒരു സ്ത്രീയാണെന്ന കാരണത്താൽ നേരിട്ട സൈബർ ആക്രമണമാണിത്. ചിലർ തനിക്കെതിരെ വളരെ മോശമായ വാക്കുകളാണ് ഉപയോഗിച്ചതെന്നും അവർക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ആശാ ശരത് പറഞ്ഞു.

എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിർമിച്ച സിനിമയാണിതെന്നും നല്ലൊരു സന്ദേശം പങ്കുവയ്ക്കുന്നുണ്ടെന്നും സംവിധായകൻ കെ.കെ. രാജീവ് പറഞ്ഞു. നിർമ്മാതാവ് ജൂബിലി ജോയ്,​ നടനും നിർമാതാക്കളിൽ ഒരാളുമായ പ്രേംപ്രകാശ് എന്നിവരും പങ്കെടുത്തു. പ്രസ് ക്ളബ് സെക്രട്ടറി എം. രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായിരുന്നു.

കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭർത്താവിനെ കാണുന്നില്ലെന്ന് പറഞ്ഞുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ആഴ്ച സ്വന്തം ഫേസ്ബുക്ക് പേജിൽ ആശാ ശരത് പോസ്റ്റ് ചെയ്തത്. ആദ്യം പലരും കരുതിയത് വീഡിയോ യഥാർത്ഥമാണെന്നാണ്. ‘എവിടെ പ്രൊമോഷൻ വീഡിയോ’ എന്നു തലക്കെട്ട് ഉണ്ടായിരുന്നെങ്കിലും കൂടുതൽ ആളുകളും അതു പിന്നീടാണ് ശ്രദ്ധിച്ചത്. അതേസമയം സിനിമ പ്രൊമോഷൻ എന്ന പേരിൽ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ച് ഒരു അഭിഭാഷകൻ ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.